ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം . നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിം കോടതി അന്തിമവിധി പ്രസ്താവിച്ച സാഹചര്യത്തില്‍ പരിപാവനമായ നിയമസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാള്‍ മന്ത്രിയായിരിക്കുന്നത് ഈ സഭയ്ക്ക് ഭൂഷണമല്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിസഭയിലെ ഒരു മന്ത്രി ഒരു വിചാരണകോടതിയില്‍ വിചാരണ നേരിടുന്നത് നിയമവ്യവസ്ഥയ്ക്കും ധാര്‍മ്മികതയ്ക്കും യോജിച്ചതല്ല. അദ്ദേഹം സ്വയം രാജിവെയ്ക്കാത്ത പക്ഷം അദ്ദേഹത്തോട് അടിയന്തരമായി രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
നിയമസഭയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും ഇന്ത്യയിലെ ഏതൊരു പൗരനും ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളും വിചാരണയ്ക്ക് വിധേയമാണെന്നാണ് സുപ്രധാന വിധി പ്രഖ്യാപനത്തോടെ സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതോടെ നിലവിലെ ഒരു മന്ത്രിയും എംഎല്‍എയും അടക്കം ആറുപേര്‍ വിചാരണ നേരിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കേസ് പിന്‍വലിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി തള്ളിയ സുപ്രിം കോടതി കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിനതിരെ ഉയര്‍ത്തിയത്. എംഎല്‍എമാര്‍ക്ക് ലഭിക്കുന്ന യാതൊരു പ്രത്യേക പരിഗണനയും ഈ കേസില്‍ ലഭിക്കില്ലെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഇതേ നിലപാടാണ് യുഡിഎഫ് നേരത്തെ സ്വീകരിച്ചത്. നിയമസഭാംഗങ്ങള്‍ക്ക് പ്രവില്ലേജുണ്ടെങ്കില്‍ ഒരു നിയമസഭാംഗം മറ്റൊരു നിയമസഭാംഗത്തെ കുത്തികൊലപ്പെടുത്തിയാല്‍ കേസെടുക്കാന്‍ കഴിയില്ലേ എന്നായിരുന്നു യുഡിഎഫിന്റെ ചോദ്യം. ആ ചോദ്യമാണ് സുപ്രിംകോടതിയും ആവര്‍ത്തിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.
അതുപോലെ ശിവന്‍കുട്ടി രാജിവെക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ആവശ്യപ്പെട്ടു.തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും അതിനാല്‍ രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍ നിരപരാധികളാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം നിര്‍ദയം തള്ളിക്കളഞ്ഞുകൊണ്ടാണ് പരമോന്നത കോടതി പ്രതികളോട് വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരില്‍ ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് മന്ത്രിമാരായ ഇ പി ജയരാജനും എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും രാജിവെച്ചത്. സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍ കുട്ടിക്ക് മന്ത്രിപദം രാജി വെക്കാനുള്ള ധാര്‍മികമായ കടമയുണ്ട്.ആ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി പദം രാജിവെച്ച് കുട്ടികള്‍ക്ക് മാതൃക കാണിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.