ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് 3 വര്‍ഷത്തെ യാത്രാ വിലക്ക് നല്‍കി സൗദി

ലോകത്താകമാനം കണ്ടുവരുന്ന കോവിഡ് വ്യാപനം മുന്നില്‍ക്കണ്ട് , കോവിഡ് നിയന്ത്രണ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് സൗദി. കൊറോണ വൈറസിന്റെ വ്യാപനവും അതിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും മുന്നില്‍ക്കണ്ട് തങ്ങളുടെ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സൗദി ഭരണകൂടം. രാജ്യം പുറപ്പെടുവിച്ചിരിയ്ക്കുന്ന ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് 3 വര്‍ഷം വരെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നു സൗദി ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു.മാര്‍ച്ച് 2020യ്ക്ക് ശേഷം കഴിഞ്ഞ മെയ് മാസത്തിലാണ് സൗദി തങ്ങളുടെ പൗരന്മാര്‍ക്ക് വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍, ഇത് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കൂടുതല്‍ കര്‍ശനമാക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍, കോവിഡ് കാലത്ത് വിദേശ യാത്ര നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് സ്വദേശത്ത് തിരിച്ചെത്തുമ്പോള്‍ തക്ക ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി. നിയമ ലംഘനം നടത്തുന്നവര്‍ക്ക് 3 വര്‍ഷം വരെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ലെബനന്‍, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, UAE തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് സൗദി അറേബ്യ നിരോധിച്ചിരിക്കുന്നത്. തങ്ങളുടെ പൗരന്മാര്‍ക്ക്, മറ്റു രാജ്യങ്ങളില്‍ നിന്നുപോലും ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്ര സൗദി പൂര്‍ണ്ണമായും വിലക്കിയിരിയ്ക്കുകയാണ്.