ലോക്ക് ഡൗണിലെ കടക്കെണി സംസ്ഥാനത്ത് ഇതുവരെ ആത്മഹത്യ ചെയ്തത് 15 പേര്‍

ലോക് ഡൌണ്‍ നീട്ടണം വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടച്ചു പൂട്ടണം ആരും പുറത്തു ഇറങ്ങരുത് എന്നൊക്കെ സര്‍ക്കാര്‍ നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞു നടക്കുന്നുണ്ടു എങ്കിലും കേരളത്തിലെ ഭൂരിഭാഗം ജനത്തിന്റെയും അവസ്ഥ ആരും അറിയുന്നില്ല എന്നതാണ് സത്യം. കടക്കെണിയില്‍ ആയി ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാത്തവര്‍ അവസാനം അഭയം തേടുന്നത് ആത്മഹത്യയില്‍ ആണ്. അത്തരത്തില്‍ കഴിഞ്ഞ 38 ദിവസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 15 പേരാണ്. ജൂണ്‍ 21ന് തിരുവനന്തപുരത്ത് ജീവനൊടുക്കിയത് മൂന്നംഗ കുടുംബമാണ്. മനോജ് കുമാര്‍ (45), ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ് മരിച്ചത്. സ്വര്‍ണപ്പണിക്കാരനായിരുന്നു ഗൃഹനാഥന്‍.

ജൂലൈ 1ന് ഇടുക്കിയിലെ ഏലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാമ്പാടുംപാറ മാവോലില്‍ വീട്ടില്‍ സന്തോഷ് (47) ആണ് ആത്മഹത്യ ചെയ്തത്. അദ്ദേഹം സ്വകാര്യ സ്ഥാപനത്തിന് വായ്പ എടുത്തിരുന്നു. അധികൃതര്‍ ദിനംപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനെടുത്തത്. ജൂലൈ 2ന് തിരുവനന്തപുരത്ത് മായ ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ നിര്‍മല്‍ ചന്ദ്രനെ(53) മരിച്ച നിലയില്‍ കണ്ടെത്തി. ജൂലൈ 17ന് പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ പൊന്നു മണി (55) ആത്മഹത്യ ചെയ്തു. ഇരുവരും ലക്ഷങ്ങള്‍ കട ബാദ്യത ഉള്ളവര്‍ ആയിരുന്നു. ലോക് ഡൌണ്‍ കാരണം ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നുള്ള ഭയം കാരണമാണ് ഇരുവരും ആത്മഹത്യ ചെയ്തത് എന്ന് വീട്ടുകാര്‍ പറയുന്നു.

ജൂലൈ 19ന് ഇടുക്കിയില്‍ ബേക്കറി ഉടമ പുലരിമലയില്‍ വിനോദ് (55) മരിച്ചു. ജൂലൈ 22ന് തിരുവനന്തപുരത്ത് മലയന്‍കീഴിലെ ബേക്കറി ഉടമ വിജയകുമാര്‍ (56) ജീവനൊടുക്കി. പാലക്കാട് ട്രാക്ടര്‍ ഡ്രൈവര്‍ കണ്ണന്‍ കുട്ടി (56) ആത്മഹത്യ ചെയ്തു. ജൂലൈ 2ന് കൊല്ലത്ത് സീനാ ട്രാവല്‍സ് ഉടമ മോഹനന്‍ പിള്ള (53), ജൂലൈ 27ന് തിരുവനന്തപുരത്ത് ക്ഷീരകര്‍ഷകനായ ശ്രീകാന്ത് (36) എന്നിവരാണ് ആത്മഹത്യയില്‍ അഭയം തേടിയത്. ജൂലൈ 7ന് വിഷ്ണു പ്രസാദ് (35) ആത്മഹത്യ ചെയ്തു. കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ നടത്തുകയായിരുന്നു. ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ്. ജൂലൈ 20ന് വയനാട് സ്വകാര്യ ബസുടമ പി സി രാജാമണി (48) ജീവനൊടുക്കി. ജൂലൈ 20ന് തൃശൂരില്‍ ദാമോദരനും (53) മകന്‍ ശരത്തും (27) ആത്മഹത്യ ചെയ്തു. ഇതുകൂടാതെ ഗാര്‍ഹിക പീഡനം കാരണം ജീവനൊടുക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടി വരികയാണ്. ഇതിലൊക്കെ ഇടപെടേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ മൗനം പാലിക്കുന്നത് വരും ദിനങ്ങളില്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ ഉണ്ടാകുവാന്‍ കാരണമാകും എന്ന് വ്യക്തമാക്കുന്നു.