ജില്ലാ ജഡ്ജിയുടെ മരണം കൊലപാതകം എന്ന് നിഗമനം ; വാഹനം പിന്നാലെ വന്ന് ഇടിച്ചിട്ട ദൃശ്യങ്ങള്‍ പുറത്ത്

ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നടന്നത് കൊലപാതകം ആണ് എന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസമാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ചൂണ്ടിയത്.

അതിരാവിലെ 5 മണിക്കാണ് സംഭവം. തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ ഒരു ഒട്ടോറിക്ഷ പിന്നാലെ വന്ന് ഇടിച്ചിടുകയായിരുന്നു. ഇടിച്ചിട്ടതിനു ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. സംഭവസമയം മറ്റുവാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. മാത്രമല്ല, വളവ് തിരിഞ്ഞെത്തിയ ഓട്ടോറിക്ഷ ജഡ്ജിയെ മനഃപൂര്‍വ്വം ഇടിച്ചിട്ടതാണെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് വാഹനം മോഷ്ടിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രിയില്‍ സൂക്ഷിക്കുകയും ചെയ്തു. രാവിലെ ഏഴ് മണിയോടെ ഉത്തം ആനന്ദിന്റെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വാഹനമിടിച്ച് മരിച്ചത് ജില്ലാ ജഡ്ജിയാണെന്ന് തിരിച്ചറിഞ്ഞത്. പ്രഭാതസവാരിക്ക് പോയ ഉത്തം ആനന്ദിനെ കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. തുടര്‍ന്ന് പൊലീസ് സംഘം ആശുപത്രിയിലെത്തി വാഹാനാപകടത്തില്‍ മരിച്ചത് ജഡ്ജിയാണെന്ന് തിരിച്ചറിയുകയായിരുന്നു.

നിലവില്‍ ഉത്തം ആനന്ദ് കൈകാര്യം ചെയ്ത കേസുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ധന്‍ബാദ് ടൗണിലെ നിരവധി മാഫിയ കൊലപാതകങ്ങളടക്കമുള്ള കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അടുത്തിടെ രണ്ട് പ്രധാന ഗുണ്ടാത്തലവന്മാരുടെ ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തു. ഇതിന്റെ പകയാണോ കൊലപാതകത്തിന് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.