ശിവന്‍കുട്ടി രാജി വെക്കില്ല ; കയ്യാങ്കളി കേസില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

സുപ്രീം കോടതി വിധി വന്നു എങ്കിലും മന്ത്രി വി ശിവന്‍ കുട്ടി രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ട പ്രശ്‌നമായി സുപ്രീംകോടതി വിധിയെ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ല. പേരെടുത്ത് പറഞ്ഞിട്ടുമില്ല. സഭയുടെ പ്രിവിലേജ് നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും വിധിക്ക് അനുസരിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ടി തോമസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മുഖ്യമന്ത്രി മറുപടി നല്‍കുകയായിരുന്നു. അതെ സമയം മന്ത്രി വി ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ എത്തിയില്ല. പനി ബാധിച്ചതിനെ തുടര്‍ന്നുള്ള അനാരോഗ്യം കാരണമാണ് സഭയില്‍ പങ്കെടുക്കാത്തതെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, അത് പോലെ തന്നെ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കാന്‍ പ്രോസിക്യൂട്ടര്‍ക്ക് അനുവാദമുണ്ടെന്നും അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ടെത്തി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മന്ത്രിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി,അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് കോടതിയെ സമീപിച്ചത് എന്ന് വ്യക്തമാക്കി.

നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടാന്‍ ഒരുങ്ങുന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്നാണ് അടിയന്തിര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജ്ജവം. കാട്ടണമെന്നും, ഇല്ലെങ്കില്‍ മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് ചരിത്രം വിധിക്കുമെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി. എന്നാല്‍ കോടികള്‍ നഷ്ടം വരുത്തിയ പാമോലിന്‍ അടക്കം പിന്‍വലിക്കാന്‍ ശ്രമിച്ചവരാണ് പ്രതിപക്ഷമെന്നും, സഭയിലെ പ്രശ്‌നങ്ങള്‍ സഭയില്‍ തന്നെ തീര്‍ക്കണമെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു .ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യവും മുഖ്യമന്ത്രി തളളിക്കളഞ്ഞു.