ഉദ്യോഗസ്ഥ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ല : യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
കൊറോണയെ തുരത്താന്‍ സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രായോഗികം അല്ല എന്ന് അവസാനം മുഖ്യമന്ത്രിക്കും മനസിലായി. ഇതിനെ തുടര്‍ന്ന് കൊവിഡ് അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായില്ലെന്നും ലോക്ഡൗണ്‍ തുടര്‍ന്നിട്ടും വ്യാപനം കുറഞ്ഞില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. അടച്ചിടലിന് ബദല്‍ തേടുകയാണ് സര്‍ക്കാര്‍. ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ തുടരണോയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ അന്വേഷിക്കണമെന്ന് ഉന്നതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ ദീര്‍ഘ നാള്‍ അടച്ചിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ആലോചനയിലേക്ക് കടന്നിരിക്കുകയാണ് സര്‍ക്കാര്‍. ജില്ലാ കളക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ജിഎസ്ടി തിരികെ നല്‍കുന്നതടക്കം കൊവിഡ് അതിജീവന പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നും കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ടി.പി.ആര്‍ അടിസ്ഥാനമാക്കി അടച്ചിടുന്നതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുനരാലോചന നടത്തുന്നത്. സംസ്ഥാത്തിന്റെ സിസ്റ്റം ശരിയല്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നു വരികയാണ്. 80 ദിവസത്തില്‍ ഏറെയായി തുടര്‍ന്ന് വരുന്ന ലോക് ഡൌണ്‍ നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡ് വ്യാപനത്തില്‍ യാതൊരു കുറവും കൊണ്ട് വരാന്‍ സര്‍ക്കാരിന് ആയിട്ടില്ല എന്നുള്ളത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പരാജയം വ്യക്തമാക്കുന്നു.