കോതമംഗലം ; ഇന്‍സ്റ്റാഗ്രാമിലൂടെ തുടങ്ങിയ സൗഹൃദം അവസാനിച്ചത് കൊലപാതകത്തില്‍
നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി വി മാനസ (24) ആണ് കൊല്ലപ്പെട്ടത് . കണ്ണൂര്‍ സ്വദേശിയായ രഖില്‍ എന്ന യുവാവാണ് മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്‍സ്‌റാഗ്രാമിലൂടെ തുടങ്ങിയ സൗഹൃദമാണ് രണ്ടു ജീവന്‍ എടുത്ത ശേഷം അവസാനിച്ചത്. രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ഡിവൈ എസ് പിയുടെ സാന്നിധ്യത്തില്‍ പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രഖില്‍ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന.
മാനസ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് രഖില്‍ എത്തുന്നത്. യുവാവിനെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നും ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു. ക്ഷോഭിച്ചതിന് പിന്നാലെ യുവാവ് മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവം കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ക്ക് ഒന്നും മനസിലായില്ല. ഇതോടെ ഭയന്നുപോയ സഹപാഠികള്‍ താഴെയുള്ള വീട്ടുടമസ്ഥയെ വിവരമറിയിക്കാനായി ഓടി. ഈ സമയത്താണ് മുകള്‍നിലയില്‍നിന്ന് പടക്കം പൊട്ടുന്ന പോലെയുള്ള ശബ്ദം കേട്ടത്. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് വീട്ടുടമസ്ഥയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന ഇവരുടെ മകനും മുകള്‍നിലയിലേക്ക് ഓടിയെത്തി. ചോരയില്‍ കുളിച്ചുകിടക്കുന്ന മാനസയെയും രഖിലിനെയുമാണ് ഇവര്‍ മുറിയില്‍ കണ്ടത്.
രഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി, എവിടെനിന്ന് തോക്ക് സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതി ദിവസങ്ങള്‍ക്ക് മുമ്പ് കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചതായാണ് വിവരം. പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന. സംഭവത്തില്‍ വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടി. റൂറല്‍ എസ് പി കെ കാര്‍ത്തിക്കാണ് ഇക്കാര്യം അറിയിച്ചത്. മാനസയ്ക്ക് വെടിയേറ്റത് തലയുടെ ഇടതുഭാഗത്താണ്. വെടിയുണ്ട മറുഭാഗത്തുകൂടെ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് പിയുടെ നേതൃത്വത്തില്‍ കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് സംഘം പരിശോധഘന നടത്തി.സാധാരണ ഒരു എയര്‍ ഗണ്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വെടിയുതര്‍ക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.