കേരളാ പോലീസിന്റെ വില്ലത്തരങ്ങള്‍ അവസാനിക്കുന്നില്ല ; വയോധികയുടെ 16,000 രൂപയുടെ മീന്‍ ഓടയില്‍ വലിച്ചെറിഞ്ഞു

കേരളത്തില്‍ പൊതുജനം ഏറ്റവും കൂടുതല്‍ ഭയക്കേണ്ട ഒന്നായി പോലീസ് സേന മാറുന്നുവോ. കൊറോണയുടെ പേരില്‍ കേരളാ പോലീസിന്റെ അഴിഞ്ഞാട്ടം ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ അരങ്ങേറുന്നത്. പോലീസിന്റെ തോന്നിവാസം ചോദ്യം ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തടവില്‍ ആക്കുകയാണ്. പൊതുജനത്തിനെ മുഖ്യമായി പാവപ്പെട്ടവരുടെ പുറത്താണ് ഇവര്‍ കുതിര കയറുന്നത്.

അതേസമയം പണവും പിടിപാടും ഉള്ളവര്‍ തോന്നിയത് പോലെ തങ്ങളുടെ കാര്യങ്ങള്‍ എല്ലാം ഒരു തടസവും ഇല്ലാതെ നടത്തി പോകുന്നുണ്ട്. കൊല്ലത്തു നിന്ന് തന്നെയാണ് പോലീസ് അതിക്രമത്തിന്റെ അടുത്ത വാര്‍ത്തയും. റോഡരികിലെ പുരയിടത്തില്‍ വച്ച് കച്ചവടം ചെയ്ത വയോധികയുടെ മീന്‍ പാരിപ്പള്ളി പൊലിസ് നശിപ്പിച്ചതായി പരാതി. പാരിപ്പള്ളി – പരവൂര്‍ റോഡില്‍ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. ഇവര്‍ ഇവിടെ നേരത്തെയും കച്ചവടം നടത്തിയിരുന്നു.

ഇതിന് മുമ്പ് രണ്ടു തവണ പൊലീസ് എത്തി കച്ചവടം നടത്തരുതെന്ന്? വിലക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നും കച്ചവടം നടത്തി വരികയായിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് എത്തി മത്സ്യം വലിച്ചെറിഞ്ഞത്. മുതലപ്പൊഴിയില്‍ നിന്നാണ് ഇവര്‍ മത്സ്യം വാങ്ങി ഇവിടെ കൊണ്ടു വന്ന് വില്‍ക്കുന്നത്. 16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വില്‍പ്പന നടത്തിയുള്ളു എന്നും ഇവര്‍ പറയുന്നു. വില്‍പനക്കായി പലകയുടെ തട്ടില്‍ വച്ചിരുന്ന മീന്‍ തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ് വലിയ ചരുവത്തില്‍ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു.

രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് നിഷ്‌കരുണം തട്ടിത്തെറുപ്പിച്ചതെന്നും മേരി പറയുന്നു. മേരി മീന്‍ തിരികെ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അതിന് തയാറായില്ല. മത്സ്യം അഴുക്ക് ചാലില്‍ കളഞ്ഞ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോഴും സാധാരണക്കാര്‍ക്ക് നേരെ പൊലിസ് അതിക്രമം വര്‍ധിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.