ഒളിംപിക്‌സ് ; പി.വി. സിന്ധു സെമിയില്‍

ടോക്യോ 2020 ഒളിംപിക്സില്‍ വനിതാ വിഭാഗം ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരത്തെ തോല്‍പ്പിച്ച് ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടറില്‍. ജപ്പാന്റെ യമാഗുച്ചിയെ 21-13, 22, 20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ആണ് സിന്ധു തോല്‍പിച്ചത്. റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടമാണ് ഇന്നത്തെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിച്ഫെല്‍റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. ലോക അഞ്ചാം നമ്പര്‍ താരമായ യമാഗുച്ചിയും ഏഴാം നമ്പര്‍ താരമായ പി.വി.സിന്ധുവും തമ്മിലുള്ള പത്തൊന്‍പതാം മത്സരമാണ് ഇന്ന് അരങ്ങേറിയത്.

56 മിനിറ്റ് നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് താരം സെമിയില്‍ കയറിയത്. ആദ്യ ഗെയിം ഏകപക്ഷീയമായാണ് സിന്ധു സ്വന്തമാക്കിയ്. എന്നാല്‍, രണ്ടാം ഗെയിമില്‍ ജാപ്പനീസ് താരം ശക്തമായി തിരിച്ചുവന്നു. സിന്ധുവിന് പല ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയ യമാഗുച്ചി വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സിന്ധുവിനുമുന്‍പില്‍ കീഴടങ്ങുകയായിരുന്നു. 2016ലെ റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായിരുന്നു സിന്ധു. ഇത്തവണ വെങ്കലം നേടിയാല്‍ തന്നെ രണ്ട് ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും താരത്തിനു സ്വന്തമാകും. ഒരൊറ്റ സെറ്റ് പോലും തോല്‍ക്കാതെയാണ് ടോക്യോയില്‍ സിന്ധു ജൈത്രയാത്ര തുടരുന്നത്. നാളെ നടക്കുന്ന സെമിയില്‍ തായ്വാന്‍ താരം തായ് സു യിങ്ങോ തായ്ലന്‍ഡിന്റെ റാച്ചനോക് ഇന്റനോണോ ആയിരിക്കും സിന്ധുവിന്റെ എതിരാളി.