എറണാകുളത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി
എറണാകുളം കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി. കോതമംഗല നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ മാനസ ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയ കൊലപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിയായ രാഖില്‍ പിന്നീട് സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. കോളേജിന് പുറത്തുള്ള ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് റൂമില്‍ കയറി വെടിവെക്കുകയായിരുന്നു. പെണ്‍കുട്ടിയെ രാഖില്‍ ശല്യം ചെയ്തതിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി യുവാവിനെ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ കോതമംഗലം പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് സംഭവം. മാനസ കോളജിനോട് ചേര്‍ന്ന ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോള്‍ രാഗിന്‍ ഈ പെണ്‍കുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി. ഇവിടെ വെച്ചാണ് വെടിവെച്ചത്. ആളുകള്‍ മുറി തുറന്ന് അകത്ത് കടന്നപ്പോള്‍ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാനസയുടെ പക്കല്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. ഇവ രണ്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് വെടിയുതിര്‍ത്തത്. മാനസയുടെ ചെവിക്ക് പുറകിലാണ് വെടിയേറ്റത്.