സോഷ്യല്‍ മീഡിയ ആഘോഷിച്ച ആ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി വൈദികന്‍

‘മകന്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് പിതാവിനെ വൃദ്ധസദനത്തില്‍ ആക്കിയിട്ടു തിരികെ പോകുമ്പോള്‍, ആ പിതാവ് വേദനയോടെ നോക്കിനില്‍ക്കുന്നു’ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ സോഷ്യല്‍ മീഡിയാ പേജുകള്‍ ആഘോഷമാക്കിയ ഒരു ചിത്രമാണ് ഇത്. ഫോട്ടോ വൈറല്‍ ആകാന്‍ അധികം സമയം വേണ്ടി വന്നില്ല. അതിനു പിന്നാലെ മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ ഉപേക്ഷിക്കുന്ന കണ്ണില്‍ ചോര ഇല്ലാത്ത മക്കളുടെ ക്രൂര കൃത്യങ്ങള്‍ വിളമ്പി ലേഖനങ്ങളും കവിതകളും കഥകളും ഈ ചിത്രത്തിന് ഒപ്പം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. എന്നാല്‍ ചിത്രം പറഞ്ഞത് സത്യം ആണ് എന്നാല്‍ ആ ചിത്രത്തിന് പിന്നിലെ കഥകള്‍ എല്ലാം വ്യാജമായിരുന്നു. പത്തനംതിട്ട ജില്ലയിലെ തുമ്പമണിനടുത്തു പ്രവര്‍ത്തിക്കുന്ന ആശ്രയകേന്ദ്രമായ ബത് സേഥായുടെ നടത്തിപ്പുകാരന്‍ ഫാ.സന്തോഷ് ആണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

നല്ല ഒരു സന്ദേശം നല്കാന്‍ താന്‍ പകര്‍ത്തിയ ചിത്രം വ്യാപകമായി തെറ്റിദ്ധാരണാ പടര്‍ത്താന്‍ കാരണമായി എന്ന് മനസിലാക്കിയ അദ്ദേഹം ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഫേസ്ബുക്കില്‍ വിശദീകരണം നല്‍കി കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

”ഞാന്‍ പകര്‍ത്തിയ ഒരു ചിത്രമാണ്. ഇന്ന് ബത് സേഥായില്‍ വന്ന പുതിയ അംഗമാണ്. കൊണ്ടു വന്നാക്കിയവര്‍ മടങ്ങുന്ന ഓട്ടോയും കാണാം. പക്ഷേ വൃദ്ധ നേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിന്റെ അകത്തേ മറവില്‍ തല കുനിച്ചിരുപ്പുണ്ടായിരുന്നു. തന്റെ സ്വന്തം മകന്‍. മകന്റെ നിസഹായകതയിലാണ് ഈ പിതാവ് ഇവിടെ എത്തിയത് എന്നതും സത്യമാണ്. അറിഞ്ഞിടത്തോളം മകനെ കുറ്റപ്പെടുത്താന്‍ പറ്റാത്ത ചില സാഹചര്യങ്ങളും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നില്‍പ്പ് തുടര്‍ന്നു. എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓര്‍മ്മകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീര്‍ക്കും? പക് ഷേ ഇവിടെ അദ്ദേഹത്തിന് ദു:ഖിക്കേണ്ടി വരില്ല. തനിച്ചുമായിരിക്കില്ല. 85 വയസുള്ള എന്റെ പിതാവ് തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയില്‍ കസേരയില്‍ ഇരുന്ന് ഈ കാഴ്ച്ച കാണുന്നുണ്ടായിരുന്നു. ഞാനങ്ങോട്ട് ചെന്നു പറഞ്ഞു പുതിയ ആള്‍ വന്നതാണ്. എന്റെ കൈയില്‍ ബലം കുറഞ്ഞ ആ കൈകള്‍ ഒന്നു മുറുകെ പിടിച്ച് എനിക്ക് ഒരു ചിരി നല്‍കി. ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു.

ഈ പോസ്റ്റ് Edit ചെയ്ത് ചില പേജുകളിലും ഗ്രൂപ്പുകളിലും കാണുന്നു. ആ മകനെ പരിഹസിക്കുന്ന ചില കമന്റ് കണ്ടു. ആ. മകന്റെ സാഹചര്യം കൊണ്ടു മാത്രം ആണ് ഈ അച്ചന്‍ ഇവിടെ എത്തിയത്. അത്ര മോശം മകനുമല്ല അദ്ദേഹം. അയാള്‍ നേരിടുന്ന മറ്റു ചില പ്രതിസന്ധികള്‍ ഉണ്ട്. മക്കളും ഭാര്യയും പോലും ഒപ്പമില്ലാത്ത വിധം പ്രശ്‌നങ്ങള്‍ ആ മകനുണ്ട്. മറക്കരുത്. പലരും മനോധര്‍മം പോലെ അതിനെ വ്യാഖ്യാനിച്ച് ആ പിതാവിന്റെയും മകന്റെയും നിസ്സഹായതകളെ മറന്നു കളഞ്ഞു.

ഈ അഛന്‍ ഇപ്പോള്‍ വളരെ ഹാപ്പിയാണ്. അത്യാവശ്യം ചിരിക്കാനും ചിരിപ്പാക്കാനും കഴിവുണ്ട്. സംസാരിക്കാന്‍ കഴിവുണ്ട്. ഒരു കുഴപ്പവുമില്ല. ഇതേ പ്രായത്തിലുള്ള കുറേ പേര്‍ ഇവിടെ ഉണ്ട്. എല്ലാവരോടും ഈ അഛന്‍ എത്ര ഭംഗിയായിട്ടാ ഇടപെടുന്നേ. ഞങ്ങള്‍ എല്ലാവരും വളരെ ഹാപ്പിയാണ്.” ഫാ. സന്തോഷ് പറയുന്നു.

ഇനി പറയുവാനുള്ളത് ഇത് എഡിറ്റ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ ആദ്യം ഇട്ടവരോടാണ്. നിങ്ങള്‍ക്ക് എന്തു സംതൃപ്തിയാണ് ഇതില്‍ നിന്നും ലഭിച്ചത്? നിങ്ങള്‍ തെറ്റായി ഇട്ട ആ പോസ്റ്റ് വിശ്വസിച്ച് എത്രയോ പേര്‍ ഇത് ഷെയര്‍ ചെയ്തിരിക്കുന്നു. ദയവായി ഇത്തരം കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു സോഷ്യല്‍ മീഡിയ പോലുള്ള പബ്ലിക് ഇടങ്ങളില്‍ ഷെയര്‍ ചെയ്യരുത്. നാളെ ഇത്തരം തെറ്റിദ്ധാരണകള്‍ നമുക്കെതിരേയും ആകാം. ആ പാവം അച്ഛനോടും മകനോടും മാപ്പ്…