കൊലപാതകത്തിന് രഖില്‍ ഉപയോഗിച്ചത് മാരക പ്രഹര ശേഷിയുള്ള തോക്ക് ; ഞെട്ടലില്‍ പോലീസ്

നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയെ വെടിവെച്ചു കൊന്ന് രഖില്‍ സ്വയം വെടിവെച്ച് കൊന്ന സംഭവത്തില്‍ പോലീസ് ഞെട്ടലില്‍. കൊലപാതക കേസില്‍ പോലീസ് ഏറ്റവും ഊര്‍ജ്ജിതമായി അന്വേഷിക്കുന്നത് രഖിലിന് എങ്ങനെ തോക്ക് ലഭിച്ചു എന്നുള്ളതാണ്. മാരക പ്രഹര ശേഷിയുള്ള പിസ്റ്റള്‍ രഖില്‍ ഉപയോഗിച്ചത് എന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യമായിട്ടുണ്ട്. സാധാരണ രീതിയിലുള്ള എയര്‍ഗണ്‍ ആണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ തോക്ക് സംബന്ധിച്ചുള്ള ആദ്യ പരിശോധന തന്നെ പോലീസിനെ ഞെട്ടിച്ചു. ഉഗ്രശേഷിയുള്ള തോക്ക് എങ്ങനെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കയ്യില്‍ എത്തിച്ചേര്‍ന്നു എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ഇയാളുടെ വ്യക്തിബന്ധങ്ങള്‍ പോലീസ് സമഗ്രമായി പരിശോധിക്കുന്നുണ്ട്. കോതമംഗലത്ത് കഴിഞ്ഞ ഒരു മാസത്തോളമായി ഇയാള്‍ താമസിച്ചു വരികയായിരുന്നു. അതിനിടെ ഏതെങ്കിലും രീതിയിലുള്ള പ്രാദേശിക ബന്ധങ്ങള്‍ ഇയാള്‍ ഉണ്ടാക്കി എടുത്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ആ വഴി തോക്ക് ലഭിക്കാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല. രഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി, തുടങ്ങിയ കാര്യങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്. രഖിലിനെക്കുറിച്ച് മാനസ നേരത്തെ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നാണ് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതി ദിവസങ്ങള്‍ക്ക് മുമ്പ് കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചതായാണ് വിവരം. പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന.

രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ഡിവൈ എസ് പിയുടെ സാന്നിധ്യത്തില്‍ പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രഖില്‍ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രാഹില്‍ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.