കൂടുതല്‍ കൂട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി പത്തനംതിട്ട രൂപതയും

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി പത്തനംതിട്ട രൂപതയും.പാലാ രൂപതയ്ക്ക് പിന്നാലെയാണ് നാലോ അതില്‍ കൂടുതലോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി മറ്റൊരു രൂപത കൂടി രംഗത് വരുന്നത്. രൂപത അധ്യക്ഷന്‍ ഡോ. സാമുവേല്‍ നാര്‍ ഐറേനിയോസിന്റെ പേരിലാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ജനസംഖ്യ കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍ എന്നാണ് രൂപതയുടെ വിശദീകരണം. 2000ത്തിന് ശേഷം പത്തനംതിട്ട രൂപതാംഗങ്ങളായ ദമ്പതികള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. നാലോ അതില്‍ കൂടുതലോ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2,000 രൂപ രൂപതയില്‍ നിന്ന് ലഭിക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചികിത്സയ്ക്ക് ആവശ്യമായ ചെലവിലേക്ക് രൂപത സാമ്പത്തിക സഹായം നല്‍കുമെന്നും പറയുന്നുണ്ട്. ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് സഭാസ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണന നല്‍കുമെന്നും വാഗ്ദാനമുണ്ട്.

കൂടാതെ ഈ കുടുംബങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ക്ക് രൂപതയുടെ സ്‌കൂളുകളില്‍ അഡ്മിഷന് മുന്‍ഗണന നല്‍കും. കൂടാതെ ഇവര്‍ക്ക് ആത്മീയ കാര്യങ്ങള്‍ നിറവേറ്റുന്നതിനും അവരെ സഹായിക്കുന്നതിനും ഒരു വൈദികനെ അവരുടെ ആദ്ധ്യാത്മിക നിയന്താതാവായി നിയമിക്കുന്നതാണ്. ഒരു സിസ്റ്ററിനെ ഇവരുടെ ആനിമേറ്ററായി നല്കുന്നതുമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ജില്ലയില്‍ ജനസംഖ്യ കുറഞ്ഞുവരുന്നതിന് കാരണം കുടുംബാസൂത്രണ നയങ്ങളാണെന്നും സര്‍ക്കുലറില്‍ പറയുന്നു. നേരത്തെ ഇത്തരത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നത് വിവാദമായിരുന്നു. 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്ന പാലാ രൂപതയുടെ പ്രഖ്യാപനം. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനവും വാഗ്ദാനം ചെയ്തിരുന്നു.

ജീവിതത്തിന്റെ വാര്‍ദ്ധക്യ സന്ധ്യകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധരും, കുഞ്ഞുങ്ങളുടെ കൊഞ്ചലും അവരുടെ പുഞ്ചിരിയും അന്യമായി പോയ മുറ്റങ്ങളും, തൊട്ടിലിന്റെ സൗഭാഗ്യം നഷ്ടമായ മുറികളും പത്തനംതിട്ടയുടെ ദൈന്യത വിളിച്ചോതുന്നു. സംസ്ഥാനത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 859 പേര്‍ താമസിക്കുമ്പോള്‍ പത്തനംതിട്ടയില്‍ 453 പേര്‍ മാത്രം. 2001നെ അപേക്ഷിച്ച് 2011 ല്‍ 3.12 ശതമാനം കുറവാണ് ജില്ലയിലെ ജനസംഖ്യയില്‍ വന്നിരിക്കുന്നത്. ജനസംഖ്യയുടെ 25 ശതമാനത്തിലധികം മുതിര്‍ന്ന പൗരന്മാരാണ്. ജനസംഖ്യാശോഷണം മാരക വിപത്തായി ലോകത്തില്‍ പടരുന്നുണ്ട് എന്ന സത്യം തിരിച്ചറിയാന്‍ നാം ഇനിയും അമാന്തിക്കരുത്. മനുഷ്യവംശത്തിന്റെ നിലനില്പിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരുക്കുന്നു എന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :