സുവര്‍ണ്ണമോഹം പൊലിഞ്ഞു ; വനിതാ ബാഡ്മിന്റണില്‍ സിന്ധു പുറത്ത്
രാജ്യത്തിന്റെ സുവര്‍ണ്ണ മോഹങ്ങള്‍ അസ്തമിച്ചു. വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ഫൈനലിലെത്താതെ പുറത്തായി. വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമിയില്‍ ലോക മൂന്നാം നമ്പറായ ചൈനീസ് തായ്പേയുടെ തായ് സുയിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ – 21-18, 21-12. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന രണ്ട് താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആവേശോജ്വലമായ പോരാട്ടത്തിനാണ് അരങ്ങുണര്‍ന്നത്. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയതിന് ശേഷമായിരുന്നു സുയിങ് സെറ്റ് സ്വന്തമാക്കിയതെങ്കില്‍ അതുവരെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തി എത്തിയ സിന്ധുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ചവച്ചാണ് സുയിങ് രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കിയത്.
സെമി മത്സരത്തിന്റെ ആവേശം വ്യക്തമാക്കുന്ന വിധത്തിലായിരുന്നു ആദ്യ സെറ്റില്‍ ഇരു താരങ്ങളും പോരാടിയത്. ഒപ്പത്തിനൊപ്പം പോയിന്റുകള്‍ നേടി മുന്നേറിക്കൊണ്ടിരുന്നു. തുടക്കത്തില്‍ ലീഡ് സിന്ധുവിനായിരുന്നെങ്കിലും വൈകാതെ സുയിങ് ഒപ്പം പിടിച്ചു. 11-11 എന്നതില്‍ നിന്ന് പിന്നീട് ഒപ്പമാണ് ഇരുവരും മുന്നേറിയത്. എന്നാല്‍ സെറ്റിന്റെ അവസാനം തുടരെ മൂന്ന് പോയിന്റുകള്‍ നേടി സുയിങ് 21-18 എന്ന നിലയില്‍ സെറ്റ് സ്വന്തമാക്കി. സെമി മത്സരം വരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ എത്തിയ സിന്ധുവിന് സുയിങ്ങിനെതിരെ ഒരു സെറ്റ് പോലും നേടാനായില്ല എന്നത് നിരാശ നല്കുന്നുണ്ടാകും. റിയോയില്‍ നേടിയ വെള്ളി മെഡല്‍ സ്വര്‍ണത്തിലേക്ക് മാറ്റാനുറച്ച് ഇറങ്ങിയ ഇന്ത്യന്‍ താരത്തിന്റെ തോല്‍വി ആരാധകര്‍ക്കും നിരാശ പകരുന്നതായി. സെമിയില്‍ പുറത്തായ താരം ഇനി വെങ്കല മെഡലിനായി മത്സരിക്കും. ആദ്യ സെമിയില്‍ ചെന്‍ യൂഫെയിയോട് തോറ്റ ഹി ബിംഗ്ജിയാവോയാണ് സിന്ധുവിന്റെ എതിരാളി. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് വെങ്കല മെഡല്‍ പോരാട്ടം നടക്കുക. ഇതിന് ശേഷമാണ് ഗോള്‍ഡ് മെഡല്‍ മത്സരം നടക്കുന്നത്.