ടോക്യോയില്‍ വെങ്കലത്തിളക്കത്തിൽ സിന്ധു
റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വെള്ളിത്തിളക്കമായ പി വി സിന്ധുവിന് ടോക്യോയില്‍ വെങ്കലപ്രഭ. ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തിലാണ് ചൈനീസ് താരം ഹി ബിന്‍ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ച് സിന്ധു ടോക്യോയില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ സ്വന്തമാക്കിയത്. സ്കോര്‍: 21-13, 21-15 വെങ്കല നേട്ടത്തോടെ ഇരട്ട ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായ സിന്ധു സൈന നെഹ്വാളിനുശേഷം ഒളിംപിക്സ് വെങ്കലം നേടുന്ന ബാഡ്മിന്റണ്‍ താരവുമായി. വെങ്കല ജേതാവിനെ തിരഞ്ഞെടുക്കാന്‍ നടന്ന പോരാട്ടത്തില്‍ മെഡലുറപ്പിച്ചിറങ്ങിയ സിന്ധു കളിയിലുടനീളം നിറഞ്ഞാടുകയായിരുന്നു. എതിരാളിക്ക് ഒരു ഘട്ടത്തിലും മേധാവിത്വം പുലര്‍ത്താന്‍ താരം അവസരം നല്‍കിയില്ല.
രണ്ടു ഗെയിമുകളും അനായാസമാണ് സിന്ധു സ്വന്തമാക്കിയത്. രണ്ടാം ഗെയിമില്‍ ചൈനീസ് താരം തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും സിന്ധുവിനു മുന്പില് വെല്ലുവിളിയുയര്‍ത്താനായില്ല. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സ് ഫൈനലെന്ന പ്രതീക്ഷയുമായി ടോക്യോയിലെത്തിയ പിവി സിന്ധുവിന് സെമി പോരാട്ടത്തില്‍ കാലിടറിയിരുന്നു. ഏകപക്ഷീയ പോരാട്ടത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനുമുന്‍പിലാണ് താരം അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമില്‍ പൊരുതിനോക്കിയ സിന്ധുവിനെ തായ് സു യിങ് രണ്ടാം ഗെയിമില്‍ നിലംപരിശാക്കുകയായിരുന്നു. റിയോ ഒളിംപിക്സില്‍ സിന്ധുവിനോടേറ്റ തോല്‍വിക്ക് കൃത്യമായി കണക്കുതീര്‍ത്തായിരുന്നു യിങ്ങിന്റെ വിജയം.