സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും ലോക കേരള സഭയ്ക്കായി ഒന്നരക്കോടി അനുവദിച്ച് സര്‍ക്കാര്‍
ലോക കേരള സഭ എന്ന പേരിലുള്ള സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിക്കുന്നില്ല. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്തും ലോക കേരള സഭയ്ക്കായി ഒന്നരക്കോടി അനുവദിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ . ഓണത്തിന് ശമ്പള അഡ്വാന്‍സ് പോലും നല്‍കേണ്ടതിലെന്ന തീരുമാനത്തിനിടെയാണ് ലോക കേരള സഭയ്ക്കായി ഇത്തവണ ഒരു കോടി രൂപ അനുവദിച്ചത്. ഇതിന് പുറമെ ഓള്‍ കേരള കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ സാംസ്‌കാരിക ആഘോഷത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.ശമ്പളം കൊടുക്കാന്‍ പോലും സംസ്ഥാനം കോടികള്‍ കടമെടുക്കുമ്പോള്‍ ലോക കേരള സഭയ്ക്കായി ഒന്നരക്കോടി രൂപ അനുവദിച്ചത് വരും ദിവസങ്ങളില്‍ പ്രതിഷേധത്തിന് കാരണമാകും എന്ന് ഉറപ്പാണ്.
2021- 22 വര്‍ഷ കാലയളവില്‍ ഒരു കോടി രൂപ ചെലവില്‍ ലോക കേരളസഭ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതിന്റെ ഉത്തരവാണ് പുറത്ത് വന്നത്. വെബ്സൈറ്റ് മാനേജ്‌മെന്റ്, പബ്ലിസിറ്റി, മുന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കല്‍, ഇവന്റ് മാനേജ്‌മെന്റ്, അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും താമസം, ഭക്ഷണം, ഗതാഗതം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. ലോക കേരളസഭയുമായി ബന്ധപ്പെട്ട കള്‍ച്ചറല്‍ ഫെസ്റ്റിവലിനാണ് 50 ലക്ഷം രൂപ അനുവദിച്ചത്. കോവിഡ് കാലത്ത് വലിയ പ്രതിസന്ധികള്‍ നേരിട്ട പ്രവാസികള്‍ക്ക് ഏതെങ്കിലും തരത്തില്‍ സഹായകമാകാന്‍ ലോക കേരളസഭയ്ക്ക് കഴിഞ്ഞില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ലോക കേരളസഭയുടെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രകള്‍ നടത്തിയതൊഴിച്ചാല്‍ പ്രവാസി സമൂഹത്തിന് ഒരു പ്രയോജനമൊന്നുമുണ്ടായിട്ടില്ല എന്നതാണ് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാട്ടുന്നത്.