ഫേസ്ബുക്ക് സുന്ദരന്മാരുടെ സൗഹൃദവലയില്‍ കുരുങ്ങി ; മലയാളി വീട്ടമ്മമാര്‍ക്ക് നഷ്ടമായത് 60 ലക്ഷം രൂപ

ഫേസ്ബുക്കില്‍ പരിചയപ്പെട്ട അജ്ഞാത സുന്ദരന്മാരുടെ കെണിയില്‍ വീണ മൂന്ന് വീട്ടമ്മമാര്‍ക്ക് നഷ്ടമായത് 60 ലക്ഷം രൂപ. യൂറോപ്പില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാന്‍ കസ്റ്റംസ് നികുതി അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് തൃശൂര്‍ സ്വദേശിനികളായ 3 പേരെ തട്ടിപ്പു സംഘം പറ്റിച്ചത്. ഇതിലൊരാള്‍ ഭൂമി വിറ്റും സ്വര്‍ണം പണയംവച്ചും നല്‍കിയത് 30 ലക്ഷം രൂപ. ഫേസ്ബുക്കില്‍ സജീവമായ സ്ത്രീകളുടെ പ്രൊഫൈല്‍ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവര്‍ക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റ് അയയ്ക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഇതിനകം ഇവരുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതശൈലിയും തട്ടിപ്പുകാര്‍ തിരിച്ചറിഞ്ഞിരിക്കും. ചാറ്റിങ്ങിലൂടെ സാവധാനം സൗഹൃദം സ്ഥാപിക്കും. വിശ്വാസം ആര്‍ജിച്ച ശേഷം വാട്‌സാപ് നമ്പര്‍ വാങ്ങി സൗഹൃദം കൂടുതല്‍ ശക്തമാക്കും.

യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടര്‍, ബിസിനസുകാരന്‍, സോഫ്റ്റ്‌വെയര്‍ കമ്പനി ഉടമ തുടങ്ങിയ പേരുകളിലാകും ഇവര്‍ സ്വയം പരിചയപ്പെടുത്തുക. വിശ്വാസം വരാന്‍ കാണാന്‍ കൊള്ളാവുന്ന യുവാക്കളുടെ ചിത്രങ്ങള്‍ ആണ് പ്രൊഫൈല്‍ പിക് ആയി ഇടുന്നത്. ഇരകളുടെ ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങള്‍ മനസ്സിലാക്കി യൂറോപ്പില്‍ നിന്നു സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും. രണ്ടോ മൂന്നോ ദിവസത്തിനുശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന പേരിലൊരു ഫോണ്‍വിളി ഇരകളെ തേടിയെത്തും.

നിങ്ങളുടെ പേരിലൊരു പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്നും പ്രോസസിങ് ഫീസ് ആയി ചെറിയ തുക അടയ്ക്കണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥ ചമയുന്നയാള്‍ ആവശ്യപ്പെടും. ഈ തുക ഇര കൈമാറിക്കഴിയുമ്പോഴാണ് യഥാര്‍ഥ തട്ടിപ്പ് മറനീക്കുക. പാഴ്‌സല്‍ സ്‌കാന്‍ ചെയ്തപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍, ലക്ഷങ്ങള്‍ വിലയുള്ള വാച്ച്, ഐഫോണ്‍, 50,000 ബ്രിട്ടീഷ് പൗണ്ട് എന്നിവ കണ്ടതായും ഇവയ്ക്കു കോടികളുടെ മൂല്യമുണ്ടെന്നും ഇരകളെ പറഞ്ഞു ധരിപ്പിക്കും. ഇവയ്ക്കു കസ്റ്റംസ് നികുതി ഇനത്തില്‍ 30 ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും. ലഭിക്കാനിരിക്കുന്ന കോടികളോര്‍ത്ത് ഈ പണം അടയ്ക്കുന്നതോടെ ചതിക്കപ്പെടും. ഒട്ടേറെപ്പേര്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങുന്നുണ്ടെന്നാണ് സൈബര്‍സെല്‍ നല്‍കുന്ന വിവരം. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഇത്തരം തട്ടിപ്പുകള്‍ തുടരുകയാണ് എന്നാണ് പോലീസ് പറയുന്നത്. പഠിപ്പും വിദ്യാഭാസവുമുള്ള വീട്ടമ്മമാര്‍ ആണ് പറ്റിക്കപ്പെടുന്നതില്‍ കൂടുതലും.