ഭാര്യയുടെ കയ്യില്‍ നിന്നും കാശ് തട്ടാന്‍ സ്വന്തം മകനെ തട്ടിക്കൊണ്ടു പോയ അച്ഛന്‍ അറസ്റ്റില്‍

ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചെറുവുകൊമ്മുപലത്താണ് സംഭവം. സ്വന്തം കടബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണു മൂന്ന് വയസുള്ള മകനെ പിതാവ് തട്ടികൊണ്ടുപോയത്. ഹൈദരാബാദിലെ ഒരു ഐടി കമ്പനിയിലെ എന്‍ജിനീയരായ പല്‍നാട്ടി രാമകൃഷ്ണയാണ് കേസിലെ പ്രതി. 20 ലക്ഷം രൂപ കടമെടുത്ത എന്‍ജിനീയര്‍ അത് തിരിച്ചെടക്കാന്‍ കഴിയാതെ വന്നപ്പോള്‍ കണ്ടെത്തിയ വഴിയാണ് സ്വന്തം മകനെ തട്ടികൊണ്ടുപോകുക എന്നത്. 20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ഭര്‍ത്താവ് ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ മകനെ കൊല്ലുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

കോവിഡ് ലോക് ഡൗണ്‍ കാരണം വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ആണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കൂടാതെ മദ്യത്തിനും ചൂതാട്ടത്തിനും അടിമയായിരുന്നു ഇയ്യാള്‍ . ജൂലൈ 28നു മദ്യപിച്ച് വീട്ടിലേക്ക് കയറിച്ചെന്ന രാമകൃഷ്ണ സ്വന്തം മകനെ ബലംപ്രയോഗിച്ച് തട്ടികൊണ്ടു പോവുകയായിരുന്നു. ഭാര്യയെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട ഇയ്യാള്‍ പണം തന്നില്ലെങ്കില്‍ മകനെ കൊന്ന് താന്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിയെ തുടര്‍ന്ന് ഭാര്യ ജൂലൈ 30 ന് പൊന്നലുരു പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിനൊടുവില്‍ കണ്ടുക്കൂരിന് സമീപം പ്രതിയെ കണ്ടെത്തുകയായിരുന്നു. മദ്യപിച്ച് ബോധരഹിതനായി കിടക്കുന്ന രീതിയിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കുട്ടിയെ അമ്മയുടെ കൂടെ വിടുകയും ചെയ്തു.