കുര്‍ബാനാ പരിഷ്‌ക്കരണത്തിന്റെ പേരില്‍ സിറോ മലബാര്‍ സഭയില്‍ തര്‍ക്കം

കുര്‍ബാനയിലെ മാറ്റങ്ങളെച്ചൊല്ലി സിറോ മലബാര്‍ സഭയില്‍ തര്‍ക്കം. പൂര്‍ണമായും ജനാഭിമുഖമാകുന്നതിനു പകരം ജനാഭിമുഖമായും അള്‍ത്താരയ്ക്ക് അഭിമുഖമായും കുര്‍ബാന ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ വൈദികരടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടുപോകാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. സിറോ മലബാര്‍ സഭയിലെ ആരാധനാക്രമങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ മാസം പുതുക്കിയ കുര്‍ബാന ക്രമത്തിന് അംഗീകാരം നല്‍കിയത്.

അള്‍ത്താരയ്ക്ക് അഭിമുഖമായ കുര്‍ബാന എല്ലാ രൂപതകളും നടപ്പാക്കണമെന്നാണ് വത്തിക്കാന്‍ നിര്‍ദേശം. നിലവില്‍ വിവിധ സഭകളില്‍ വ്യത്യസ്തരീതികളിലാണ് കുര്‍ബാന നടന്നുവരുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ പൂര്‍ണമായും ജനങ്ങള്‍ക്ക് അഭിമുഖമായാണ് കുര്‍ബാന നടന്നുവരുന്നത്. ഇതിനു പുറമെ തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, താമരശ്ശേരി, മാനന്തവാടി രൂപതകളിലെല്ലാം അരനൂറ്റാണ്ടിലേറെക്കാലമായി ജനാഭിമുഖ കുര്‍ബാനയാണ് നടക്കുന്നത്. എന്നാല്‍, പുനക്രമീകരിച്ച കുര്‍ബാനാരീതി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം സഭാ വൈദികരുമുള്ളത്.

കഴിഞ്ഞ മാസമാണ് സിറോ മലബാര്‍ സഭയുടെ പരിഷ്‌കരിച്ച ഏകീകൃത കുര്‍ബാന ക്രമത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കിയത്. പുതിയ കുര്‍ബാനപ്പുസ്തകത്തിനും അംഗീകാരമായിട്ടുണ്ട്. പതിറ്റാണ്ടുകളായി സഭയില്‍ വിവിധ പ്രദേശങ്ങളിലുള്ളവര്‍ തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം തീര്‍ക്കുക ലക്ഷ്യമിട്ടായിരുന്നു ഇത്. പുതിയ കുര്‍ബാനക്രമം എല്ലാ സിറോ മലബാര്‍ രൂപതകളും നടപ്പാക്കണമെന്ന് വത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ ക്രമത്തില്‍ കുര്‍ബാനയ്ക്കു മുന്‍പത്തേതിനെക്കാള്‍ ദൈര്‍ഘ്യം കുറവായിരിക്കും. ആദ്യഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും ആയിരിക്കും.

എന്നാല്‍ നിലവിലെ രീതിയില്‍ തന്നെയായിരിക്കും ഇനിയും കുര്‍ബാന നടക്കുകയെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഫാദര്‍ സുരേഷ് മല്‍പ്പാന്‍ പ്രതികരിച്ചത്. അത് അറിയിക്കേണ്ടവരെ എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ ജനാഭിമുഖ കുര്‍ബാന നിര്‍ത്തലാക്കുന്ന ഗൗരവമേറിയ തീരുമാനം ഓണ്‍ലൈന്‍ മീറ്റിങ്ങിലൂടെ നടപ്പാക്കരുതെന്ന് സിറിയന്‍ കാതോലിക് ലിറ്റര്‍ജിക്കല്‍ ഫോറം ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അയ്യന്‍കാനായില്‍ പ്രതികരിച്ചു. കോവിഡ് കാരണം പള്ളികളില്‍ കുര്‍ബാന പോലും നടക്കാത്ത സാഹചര്യത്തില്‍ ഇത്തരം ഗൗരവമേറിയ തീരുമാനം മെത്രാന്മാര്‍ നേരിട്ട് സന്നിഹിതരാകുന്ന സിനഡില്‍ വിപുലമായി ചര്‍ച്ച ചെയ്ത ശേഷം മാത്രം കൈക്കൊള്ളുന്നതാണ് വിവേകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.