ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു

പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) ചെന്നൈയില്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. എറണാകുളം കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി എന്ന കല്യാണിമേനോന്‍ കലാലയ യുവജനോത്സവത്തിലൂടെയാണ് പാട്ടിലേക്കു വരുന്നത്.

അഞ്ചാം വയസില്‍ എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ പാടി തുടങ്ങിയ കല്ല്യാണി കോവിഡ് കാലത്തു വരെ സജീവമായിരുന്നു. 1973ല്‍ തോപ്പില്‍ ഭാസിയുടെ അബല എന്ന നാടകത്തിലാണ് ആദ്യം ഗാനം ആലപ്പിക്കുന്നത്. തുടര്‍ന്ന് 1977ല്‍ ചെമ്മീന്റെ സംവിധായകനായ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന് ചിത്രത്തില്‍ എംഎസ് ബാബുരാജ് ഒരുക്കിയ ഗാനം ആലപിച്ചാണ് ചലച്ചിത്ര ലോകത്തിലെ പിന്നണി ഗായക മേഖലയിലേക്കത്തുന്നത്. 1979 ല്‍ ശിവാജി ഗണേശന്റെ ‘നല്ലതൊരു കുടുംബ’മെന്ന സിനിമയിലൂടെയാണ് തമിഴിലെ അരങ്ങേറ്റം. ഋതുഭേദകല്‍പന, ജലശയ്യയില്‍, പവനരച്ചെഴുതുന്നു തുടങ്ങിയവയാണ് പ്രശസ്ത ഗാനങ്ങള്‍.

അലൈപായുതേ, മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടുവാനും ഭാഗ്യം ഉണ്ടായി . 2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ 96 ലെ കാതലെ കാതല എന്ന ഗാനമാണ് അവസാനമായി അലപിച്ചത്.