മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ ഓര്‍മയായിട്ട് 2 വര്‍ഷം
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം തികയുന്നു. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവും ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കാത്തതിലെ പ്രതിഷേധവും ചൂണ്ടിക്കാട്ടി നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം പി.സി വിഷ്ണുനാഥ് സംസാരിക്കുമ്പോള്‍ ഉദ്യോഗസ്ഥ ഗ്യാലറിയില്‍ കേസിലെ ഒന്നാംപ്രതിയും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമന്റെ സജീവ സാന്നിധ്യം. കെ.എം ബഷീറിന്റെ മരണത്തിന് രണ്ടുവര്‍ഷം തികയുന്ന ദിവസം ഓര്‍മ്മിപ്പിച്ചാണ് പി.സി വിഷ്ണുനാഥ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ വിഷയം സഭയില്‍ ചൂണ്ടിക്കാട്ടിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കെ.ടി ജലീല്‍ സംസാരിച്ചതിന് പിന്നാലെയാണ് വിഷയം സഭയിലെത്തിയത്. ആരോഗ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേരുന്നവര്‍ ബഷീറിന്റെ മരണത്തിന് രണ്ടുവര്‍ഷമായെന്നത് കൂടി ഓര്‍ക്കണമെന്ന് ആമുഖമായി പറഞ്ഞായിരുന്നു വിഷ്ണുനാഥിന്റെ പരാമര്‍ശം.
ഈ സഭയുടെ പ്രസ് ഗ്യാലറിയില്‍ സുസ്‌മേര വദനനായി ഇരിക്കേണ്ടയാളായിരുന്നു കെ.എം ബഷീറെന്ന മാധ്യമപ്രവര്‍ത്തകന്‍. ബഷീര്‍ ഇന്ന് ഗ്യാലറിയില്‍ ഇല്ലെങ്കിലും അദ്ദേഹത്തെ കാറിടിച്ച് കൊന്ന കേസിലെ പ്രതിക്ക് ആരോഗ്യവകുപ്പില്‍ ഉന്നത സ്ഥാനം നല്‍കിയതിനാല്‍ അദ്ദേഹം ഇപ്പോഴും സര്‍വീസിലുണ്ട്. ഇവിടെ റിപ്പോര്‍ട്ടിങിന് എത്തുന്ന ബഷീറിനെ ചിരിച്ച മുഖത്തോടെയല്ലാതെ ഞങ്ങളാരും കണ്ടിട്ടില്ല. അതേസമയം, മരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ബഷീറിന്റെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്ന കാര്യം ഓര്‍മ്മിപ്പിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു. അതേസമയം, മന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ ഇതേക്കുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടായില്ലെന്നതും ശ്രദ്ധേയമായി. പി സി വിഷ്ണുനാഥ് പറഞ്ഞതെല്ലാം കേട്ട് ഭാവവ്യത്യാസമില്ലാതെ നിയമസഭയിലെ ഉദ്യോഗസ്ഥ ഗ്യാലറിയില്‍ ശ്രീറാം വെങ്കിട്ടരാമനും ഉണ്ടായിരുന്നു. കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിട്ടാണ് സര്‍വ്വീസില്‍ തിരികെ എത്തിയത്. ആരോഗ്യമന്ത്രി മാറിയിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ ഇതേ സ്ഥാനത്ത് തുടരുകയാണ്.
രണ്ട് വര്‍ഷം മുന്‍പ് ഇതേ ദിവസമായിരുന്നു തിരുവനന്തപുരത്ത് കാര്‍ ഇടിച്ചു കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ല. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്.
കേസില്‍ ഒന്നാം പ്രതിയായി ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടുപ്രതിയായി വഫാ നജീമിനേയും ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. നരഹത്യ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫയും ഈ മാസം ഒന്‍പതിന് ഹാജരാകാന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്. അപകടം നടക്കുന്നതിന് പിന്നാലെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പുറത്തേക്കിറങ്ങി ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ശ്രീറാമിനെ സംരക്ഷിക്കുന്ന തരത്തിലാണ് സര്‍ക്കാരും പോലീസും വിഷയത്തില്‍ ആദ്യം മുതല്‍ക്ക് ഇടപെട്ടത്.