പ്രവാസികള്‍ക്കുള്ള യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തി യു.എ.ഇ

കോവിഡിനെ തുടര്‍ന്ന് നടപ്പിലാക്കിയ യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തി യു.എ.ഇ. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസക്കാര്‍ക്ക് തിരിച്ചെത്താം. ആഗസ്റ്റ് അഞ്ച് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്കുണ്ടായിരുന്നു.

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 മുതല്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ആശങ്കയിലായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. യുഎഇ അംഗീകരിച്ച വാക്‌സിന്‍ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂര്‍ത്തിയായിരിക്കണം എന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അതേസമയം, ചില വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വാക്‌സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ (സ്കൂള്‍, കോളജ്, യൂണിവേഴ്സിറ്റി) എന്നിവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.