9കാരിയെ പീഡിപ്പിച്ചുകൊന്ന് ദഹിപ്പിച്ച പുരോഹിതനും സഹായികളും അറസ്റ്റില്‍ ; ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം

ഒന്‍പതു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പരക്കെ പ്രതിഷേധം. ഡല്‍ഹി നങ്കലില്‍ ആണ് ഒന്‍പത് വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്ന് പരാതി. സംഭവത്തില്‍ പുരോഹിതന്‍ രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധം രാജ്യതലസ്ഥാനത്തുണ്ടായി. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന് വാടക വീട്ടിലാണ് കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. ഓടിക്കളിച്ച് തളര്‍ന്നപ്പോള്‍ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ കൂളര്‍ തേടി വന്നതായിരുന്നു പെണ്‍കുട്ടി. വെള്ളം കുടിക്കാന്‍ പോയ മകളെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി.

എന്നാല്‍ കുറച്ചു സമയം കഴിഞ്ഞു പുരോഹിതനും കൂട്ടരും കുട്ടിയുടെ മൃതദേഹം അമ്മയെ കാണിച്ചു. വെള്ളം കുടിയ്ക്കാന്‍ വന്നപ്പോള്‍ കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പുരോഹിതനും സംഘവും അമ്മയെ അറിയിച്ചത്. പൊലീസിനെ വിവരമറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പുരോഹിതന്‍ അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നിട്ട് സമ്മര്‍ദം ചെലുത്തി മൃതദേഹം ദഹിപ്പിച്ചു.എതിര്‍ക്കാന്‍ ശ്രമിച്ച കുട്ടിയുടെ പിതാവിനെ മര്‍ദിച്ചെന്നും പരാതിയുണ്ട്. കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുണ്ടായിരുന്നു. കുട്ടിയുടെ ചുണ്ട് നീല നിറമായി മാറിയിരുന്നു. ഇക്കാര്യം ‘അമ്മ അയല്‍വാസികളോട് പറഞ്ഞതോടെയാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്.

നാട്ടുകാര്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. കുട്ടിയെ ശ്മശാനത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി എത്തി. ഹാഥ്‌റസിനെ ഓര്‍മിപ്പിക്കുന്ന സംഭവമാണ് നങ്കലില്‍ നടന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞ കൊലയാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിന്നാലെ പുരോഹിതന്‍ രാധേശ്യാമിനൊപ്പം ശ്മശാനത്തിലെ ജീവനക്കാരായ ലക്ഷ്മിനാരായണ്‍, കുല്‍ദീപ്, സാലിം എന്നിവരെയും അറസ്റ്റ് ചെയ്തു. പോക്‌സോ, എസ്.സി/എസ്.ടി നിയമങ്ങള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.