അരുവികളിലെ സുരക്ഷ ഉറപ്പുവരുത്തണം:അഡ്വ.ഷോണ്‍ ജോര്‍ജ്

കോട്ടയം : ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ മാര്‍മല, വേങ്ങത്താനം,കട്ടിക്കയം, അരുവിക്കച്ചാല്‍, കോട്ടത്താവളം എന്നിവിടങ്ങളിലെ അരുവികളില്‍ ഉല്ലസിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെ സുരക്ഷ ഒരുക്കുന്നതിന് മുന്നറിയിപ്പ് സൂചന ബോര്‍ഡുകളും,സംരക്ഷണ വേലികളുംസ്ഥാപിക്കണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ടൂറിസം വകുപ്പിനും നിരവധി പ്രൊജക്ടുകള്‍ സമര്‍പ്പിച്ചിട്ടും അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ല.

നിരന്തരമായി ഉണ്ടാകുന്ന അപകടമരണങ്ങള്‍ ഒഴിവാക്കുന്നതിന് ജനപ്രതിനിധികളുടെയും, തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്,ഡിടിപിസി എന്നിവരുടെ സംയുക്ത യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും,ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി.എ മുഹമ്മദ് റിയാസിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയതായും ഷോണ്‍ ജോര്‍ജ് പറഞ്ഞു. തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് പ്രാദേശിക ടൂറിസം. അതുകൊണ്ട് തന്നെ ടൂറിസം സാധ്യതകള്‍ നിലനിര്‍ത്തികൊണ്ട് സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.