റാങ്ക് പട്ടിക നീട്ടാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ; ഭിക്ഷ യാചിച്ച് പ്രതിഷേധം നടത്തി പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍

സര്‍ക്കാര്‍ ജോലി എന്ന കുറേപ്പേരുടെ സ്വപ്നങ്ങളില്‍ കരി നിഴല്‍ വീഴ്ത്തി കോടതി. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ വിധി ഹൈക്കോടതി റദ്ദാക്കി. ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പി.എസ്.സി നല്‍കിയ അപ്പീലിലാണ് കോടതി നടപടി. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസമുണ്ടാകരുതെന്ന് ഹൈക്കോടതി പി.എസ്.സിക്ക് നിര്‍ദേശം നല്‍കി. റാങ്ക് പട്ടികയുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്ന് ഹരജി പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്ത് നില്‍ക്കുമ്പോള്‍ ഇനിയും കാലാവധി നീട്ടേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടരുതെന്നും പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. റാങ്ക് ലിസ്റ്റില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് നിയമപരമായി ഇടപെടനാകില്ലെന്നും പി.എസ്.സി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ആഗസ്റ്റ് മൂന്നിന് കാലാവധി അവസാനിക്കാനിരിക്കെ സെപ്തംബര്‍ 20 വരെയാണ് നീട്ടിയത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ നടപടി. ഇതിനെതിരെയാണ് പി.എസ്.സി കോടതിയെ സമീപിച്ചത്. ട്രിബ്യൂണലിന്റെ വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി കനത്ത തിരിച്ചടിയാണെന്നും നിയമപോരാട്ടം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. അതേസമയം, ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിതന്നെ വേണമെന്ന മനോഭാവം മാറണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേരളത്തില്‍ മാത്രമാണ് ഈ പ്രവണതയുള്ളത്. ബിരുദമൊക്കെ നേടിയാല്‍ മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നും സര്‍ക്കാര്‍ ജോലിയെന്നത് അന്തിമമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതിനിടെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുമ്പില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു. എല്‍.ജി.എസ്, വനിതാ സി.പി.ഒ ഉദ്യോഗാര്‍ത്ഥികളാണ് സമരം ചെയ്യുന്നത്. ഭിക്ഷയാചിച്ചായിരുന്നു വനിതാ സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം. നാളെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം കടുപ്പിച്ചത്. വനിതാ സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടില്‍ നിന്ന് ഭിക്ഷയാചിച്ച് പ്രതിഷേധിച്ചു. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതിന്റെ ആനുകൂല്യം തങ്ങള്‍ക്ക് ലഭിച്ചില്ല എന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും വനിതാ സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.