ബംഗ്ലാദേശില്‍ വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു

ബംഗ്ലാദേശിലെ നദീതീര പട്ടണമായ ഷിബ്ഗഞ്ചിലാണ് സംഭവം. ബോട്ടില്‍ യാത്ര ചെയ്തിരുന്നവരാണ് മിന്നലേറ്റ് കൊല്ലപ്പെട്ടത്. വരന്‍ ഉള്‍പ്പെട്ട സംഘം ബോട്ടുകളില്‍ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായയത്. വിവിധ ബോട്ടുകളില്‍ കയറിയവരാണ് നിമിഷങ്ങളുടെ ഇടവേളയില്‍ പലതവണ ഉണ്ടായ മിന്നലുകളേറ്റ് മരിച്ചത്. വധു സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല. ബംഗ്ലാദേശില്‍ അതിശക്തമായ കാലവര്‍ഷമാണ് അനുഭവപ്പെടുന്നത്. മഴക്കെടുതികളില്‍ കോക്സ് ബസാര്‍ ജില്ലയില്‍ 20 പേര്‍ മരിച്ചിരുന്നു. ആറ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ അടക്കമുള്ളവരാണ് മരിച്ചത്.

പ്രതിവര്‍ഷം നൂറുകണക്കിന് പേരാണ് ബംഗ്ലാദേശില്‍ മിന്നലേറ്റ് മരിക്കുന്നത്. 2016 ല്‍ 200 ലധികം പേര്‍ മിന്നലേറ്റ് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 82 പേര്‍ മരിച്ചത് മെയ് മാസത്തില്‍ ഒരു ദിവസം മാത്രമാണ്. മരണങ്ങള്‍ പലതും ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടാറില്ല. 2016 ല്‍ 349 പേരാണ് ബംഗ്ലാദേശില്‍ മിന്നലേറ്റ് മരിച്ചതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കടുത്ത വനനശീകരണമാണ് മിന്നലേറ്റുള്ള മരണങ്ങള്‍ കൂടാന്‍ കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കാനും മിന്നല്‍ മരണങ്ങളുടെ എണ്ണം കുറയ്ക്കാനും ലക്ഷക്കണക്കിന് പനകള്‍ നട്ടുപിടിപ്പിക്കാനാണ് ബംഗ്ലാദേശ് പദ്ധതി തയാറാക്കിയിരിക്കുന്നത്.