വനിതാ ബോക്സിങ്ങില്‍ ഇന്ത്യക്ക് വെങ്കലം ; ടോക്യോയില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍
ടോക്യോയില്‍ 2020 യില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. ബോക്സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ലവ്ലിന ബോര്‍ഗോഹെയ്നാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. വനിതകളുടെ 69 കിലോ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിനയുടെ മെഡല്‍ നേട്ടം. നിര്‍ണായകമായ സെമി പോരാട്ടത്തില്‍ ലോക ചാമ്പ്യനായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെനെലിയോടാണ് ലവ്ലിന തോല്‍വി വഴങ്ങിയത്. ബോക്സിങ്ങില്‍ സെമിയില്‍ എത്തിയാല്‍ മെഡല്‍ ഉറപ്പായതിനാല്‍ താരത്തിന് വെങ്കലം ലഭിക്കുകയായിരുന്നു. സെമിയിലെത്തി നേരത്തെ മെഡല്‍ ഉറപ്പിച്ചിരുന്ന ലവ്ലിന ഫൈനലില്‍ കടന്ന് സ്വര്‍ണം നേടുക എന്ന ലക്ഷ്യവുമായാണ് എത്തിയതെങ്കിലും തുര്‍ക്കി താരം ഇന്ത്യയുടേയും ലവ്ലിനയുടേയും സ്വപ്നങ്ങള്‍ തകര്‍ത്തുകളയുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യന്‍ താരത്തിനെതിരെ അനായാസ വിജയമാണ് തുര്‍ക്കി താരം നേടിയെടുത്തത്. സ്കോര്‍ 5-0. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും മേധാവിത്വം നേടിയെടുക്കാന്‍ ലവ്ലിനയ്ക്ക് കഴിഞ്ഞില്ല. മത്സരം ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സില്‍ ബോക്സിങ്ങില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടം ഇന്ത്യന്‍ താരത്തിന് നേടാന്‍ കഴിയുമായിരുന്നു. ആദ്യ റൗണ്ടില്‍ നന്നായി തുടങ്ങിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ ആ മികവ് തുടരാന്‍ ലവ്ലിനയ്ക്ക് കഴിഞ്ഞില്ല. ബുസെനാസിന്റെ കരുത്തുറ്റ പഞ്ചുകള്‍ക്കെതിരെ ആക്രമിക്കാനുള്ള ശ്രമം ലവ്ലിനയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യന്‍ താരത്തിന്റെ പഞ്ചുകള്‍ മികച്ച രീതിയില്‍ ബ്ലോക്ക് ചെയ്തുകൊണ്ട് തുര്‍ക്കി താരം തന്റെ ആക്രമണം ശക്തമാക്കി കൊണ്ടിരുന്നു.
ആദ്യ റൗണ്ട് സ്വന്തമാക്കിയതിന് പിന്നാലെ രണ്ടാം റൗണ്ടിലും തുര്‍ക്കി താരം ലീഡ് നേടിയതോടെ ലവ്ലിനയുടെ സാധ്യതകള്‍ മറയുകയായിരുന്നു.വിജേന്ദര്‍ സിങ് (2008), മേരി കോം (2012) എന്നിവര്‍ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി ബോക്സിങ്ങില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ താരമാണ് ലവ്ലിന. മേരി കോമിന് ശേഷം ഇന്ത്യക്ക് വേണ്ടി ബോക്സിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ വനിത എന്ന നേട്ടം കൂടി ഇതിനോടൊപ്പം താരത്തിന് സ്വന്തമായി.