ജലീലിന്റെ ആരോപണം പ്രശസ്തിക്ക് വേണ്ടി ; ഇ.ഡി റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു എന്നത് യാഥാര്‍ത്ഥ്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇ.ഡി എത്തിയത് ചന്ദ്രികാ പത്രവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാലാരിവട്ടം പാലം കമ്മീഷന്‍ തുക ചന്ദ്രിക പത്രത്തിലെത്തിയെന്ന ആരോപണം തെറ്റാണെന്നും ചന്ദ്രിക പത്രവുമായുള്ള ഒരു സാമ്പത്തിക ഇടപാടിലും പാണക്കാട് ശിഹാബ് തങ്ങള്‍ ഭാഗമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മകനെതിരായ കെ.ടി ജലീലിന്റെ ആരോപണത്തോടും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തന്റെ മകന്‍ നടത്തിയത് നിയമാനുസൃതമായ ഇടപെടലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്ബിഐയിലുണ്ടായിരുന്ന പണം എ.ആര്‍ ന?ഗറിലെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.ടി ജലീലിന്റെ ആരോപണം പ്രശസ്തിക്ക് വേണ്ടിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വി കെ ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു എന്നാണ് ജലീല്‍ ആരോപിച്ചത്. കള്ളപ്പണക്കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പച്ചതിന്റെ രേഖകളും ജലീല്‍ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും കെ.ടി ജലീല്‍ ആരോപിച്ചു. എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ മകന് എന്‍ആര്‍ഐ അക്കൗണ്ടാണുള്ളതെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ജലീല്‍ അറിയിച്ചു. പാണക്കാട് തങ്ങള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചു. രണ്ട് തവണ നോട്ടിസ് നല്‍കി . എന്നാല്‍ ഹാജരാകാത്തതിനാല്‍ ഇ.ഡി പാണക്കാട്ടെത്തിയെന്നും കെ.ടി ജലീല്‍ ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാണക്കാട് തങ്ങളെ മറയാക്കി പി.കെ കുഞ്ഞാലിക്കുട്ടി നടത്തുന്നത് മാഫിയാ പ്രവര്‍ത്തനം ആണെന്നും കെ.ടി ജലീല്‍ പറഞ്ഞിരുന്നു.