ഓണത്തിന് മുമ്പ് കേരളത്തിന് ഒരു കോടി വാക്‌സിന്‍ നല്‍കണം എന്ന് ശശി തരൂര്‍

അതിരൂക്ഷമാകുന്ന കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തിന് ഓണത്തിന് മുന്‍പ് ഒരു കോടി വാക്‌സിനെങ്കിലും എത്തിച്ച നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂര്‍. വിഷയം കാണിച്ചു കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് തരൂര്‍ കത്തയച്ചു. രാജ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ആന്റബോഡി നിരക്ക് താഴെയാണെന്നും ഇത് സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് വീണ്ടും വര്‍ധനയുണ്ടാക്കാന്‍ സാധ്യയുണ്ടാകുമെന്നാണ് ശശി തരൂര്‍ കേന്ദ്രത്തെ കത്തിലൂടെ അറിയിച്ചിരക്കുന്നത്. നിലവില്‍ കേരളത്തെ ദേശീയതലവുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ദിനം പ്രതി 20,000ത്തില്‍ അധികം കോവിഡ് കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളം കോവിഡിന്റെ തുടക്ക കാലത്ത് രോഗവ്യാപനം നിയന്ത്രച്ചതിനാല്‍ വളരെ കുറച്ച് പേരില്‍ മാത്രമാണ് രോഗത്തിന്റെ അന്റിബോഡിയുള്ളത്. ദേശീയതലത്തില്‍ 63 ശതമാനം പേര്‍ക്ക് ആന്റിബോഡി ഉണ്ടാകുമ്പോള്‍ കേരളത്തില്‍ ഇത് വെറും 43 ശതമാനം മാത്രമാണെന്ന് തരൂര്‍ തന്റെ കത്തിലൂടെ വ്യക്തമാക്കുന്നു. അതിനാല്‍ കേരളത്തില്‍ അതിരൂക്ഷമാകുന്ന കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തിന് അടിയന്തരമായി ഓണത്തിന് മുമ്പ് ഒരു കോടി വാക്‌സിനെങ്കിലും കേന്ദ്രം എത്തിച്ച് നല്‍കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് തരൂര്‍ മുന്നോട്ട് വെക്കുന്ന പോംവഴി. അതേസമയം കേന്ദ്രം കേരളത്തിന് കുറഞ്ഞത് ഒരു കോടി വാക്‌സിനെങ്കിലും എത്തിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് അത് ദേശീയ പ്രതിസന്ധിക്ക് വഴിവെക്കുമെന്ന്   കേന്ദ്ര ആരോഗ്യ മന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നു.