കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നാളെ മുതല്‍ തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നാളെ മുതല്‍ തമിഴ്‌നാട് നിയന്ത്രണം ശക്തമാക്കുന്നു. RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കോ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കോ മാത്രമാണ് നാളെ മുതല്‍ തമിഴ്‌നാട്ടിലേക്ക് പ്രവേശനം അനുവദിയ്ക്കുക. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പൂര്‍ത്തിയായവര്‍ക്കാണ് ഇളവ്. വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും. ഇതിന് മുന്നോടിയായി വാളയാര്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം മുതല്‍ തമിഴ്‌നാട് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. തമിഴ്‌നാടിന് പുറമെ കേരളവും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ഇ-പാസെടുത്തവരെ മാത്രമേ കേരളത്തിലേക്ക് കടത്തിവിടുന്നുള്ളു. ചരക്കുവാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.
വിമാനമാര്‍ഗം തമിഴ്‌നാട്ടിലെത്തുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമാണ്. വിമാനത്താവളങ്ങളില്‍ ശരീര താപനില പരിശോധിക്കും. ഉയര്‍ന്ന താപനിലയുള്ളവര്‍ക്ക് റാപ്പിഡ് ആര്‍ടിപിസിആര്‍ നടത്തും. ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കമുള്ള വിമാനത്താവളങ്ങളില്‍ 13 മിനിട്ടിനുള്ളില്‍ ഫലം ലഭിക്കുന്ന പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനം. ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി. എന്നാല്‍ ഞായറാഴ്ച ലോക്ഡൗണ്‍ തുടരും. ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഞായര്‍ ഒഴികെയുള്ള ആറു ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും മൂന്നാം ഓണ ദിനത്തിലും (അവിട്ടം) ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.