വ്യായാമം ചെയ്യുന്നതിന്റെ ഇടയില്‍ പത്താം നിലയില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു
ഫ്‌ളാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു. ഐറിന്‍ റോയി എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്. എറണാകുളം സൗത്തിലെ ശാന്തി തോട്ടേക്കാട് എന്ന ഫ്‌ളാറ്റിലാണ് സംഭവം. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം. സഹോദരനൊപ്പം ഫ്ളാറ്റിന് മുകളില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ചാലക്കുടി സ്വദേശി റോയിയുടെ മകളാണ് ഐറിന്‍. ഇന്ന് രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. പത്ത് നിലകളുള്ള ഫ്‌ലാറ്റിന്റെ ടെറസില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിന്‍.
ഫ്‌ലാറ്റിലെ ടെറസില്‍ അരഭിത്തിയിലുള്ള പാരപ്പറ്റാണുള്ളത്. ഇതിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ടൈല്‍ പാകിയ കോണ്‍ക്രീറ്റ് ബെഞ്ചില്‍ ചവിട്ടി വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാല്‍ വഴുതി പാരപ്പറ്റിന് മുകളിലൂടെ വീണ ഐറിന്‍ എട്ടാം നിലയുടെ സണ്‍ഷേഡിലുണ്ടായിരുന്ന ഷീറ്റില്‍ പതിക്കുകയും തുടര്‍ന്ന് തെറിച്ച് താഴത്തെ കാര്‍ പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലും വശത്തെ ഭിത്തിയിലും അടിച്ചു തറയിലേക്ക് വീഴുകയായിരുന്നു. തലയിടിച്ചു വീണ ഐറിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ വര്ഷം ജനുവരിയില്‍ ആണ് പെണ്‍കുട്ടിയുടെ കുടുംബം ഇവിടെ താസമം ആരംഭിച്ചത്.