ചരിത്ര വെങ്കലവുമായി ഇന്ത്യന്‍ ഹോക്കി ടീം
41 വര്‍ഷത്തിന് ശേഷം ഒളിപിക്സ് ഹോക്കിയില്‍ ഒരു മെഡല്‍ സ്വന്തമാക്കി ഇന്ത്യ. അത്യന്തം ആവേശകരമായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം ചരിത്ര മെഡല്‍ നേടിയത്. മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ചാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ശ്രീജേഷ് നടത്തിയ തകര്‍പ്പന്‍ സേവുകളും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.
ഇന്ത്യക്കായി സിമ്രന്‍ജീത് സിങ് രണ്ടു ഗോളുകള്‍ നേടി. ഹാര്‍ദിക് സിങ്, രുപീന്ദര്‍പാല്‍ സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ജര്‍മനിക്ക് വേണ്ടി തിമൂര്‍ ഒറുസ് രണ്ട് ഗോളുകള്‍ നേടി. ജര്‍മനിക്കെതിരായ ജയത്തോടെ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം 1980 മോസ്‌ക്കോ ഒളിമ്പിക്സിന് ശേഷം നേടുന്ന ആദ്യ മെഡലാണിത്. മോസ്‌കോയില്‍ നേടിയ സ്വര്‍ണമായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ അവസാന മെഡല്‍. പിന്നീട് ഇപ്പോഴാണ് ഇന്ത്യ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.
മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ജര്‍മനി ഇന്ത്യക്കെതിരെ ലീഡ് നേടി. തുടക്കത്തില്‍ പിന്നിലേക്ക് പോയതിന് ശേഷം മികച്ച രീതിയില്‍ ഇന്ത്യ തിരിച്ചുവന്നെങ്കിലും ആദ്യത്തെ ക്വാര്‍ട്ടറില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മറുവശത്ത് ശക്തമായ പ്രെസ്സിങ് നടത്തി ജര്‍മനി നാല് പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെടുത്തെങ്കിലും ശ്രീജേഷ് അടങ്ങുന്ന ഇന്ത്യന്‍ പ്രതിരോധ നിര അവയ്ക്കെതിരെ മികച്ച പ്രതിരോധം തീര്‍ത്തു.