പെഗാസസ് ചാരവൃത്തി കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടു സുപ്രിം കോടതി
പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചുള്ള ചാരവൃത്തിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സുപ്രിം കോടതി. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളില്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ വാദം കേള്‍ക്കും. ഹരജികളുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാറിന് കൈമാറണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. പെഗാസസ് ഫോണ്‍ ചോർ ത്തല്‍ ആരോപണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹരജികളാണ് ഇന്ന് സുപ്രിം കോടതി പരിഗണിച്ചത്. മാധ്യമവാർത്തകളില്‍ വന്ന ആരോപണം ആശങ്കപ്പെടുത്തുന്നതും ഗുരുതര സ്വഭാവമുള്ളവയുമാണ്. ഇപ്പോള്‍ മാത്രമല്ല നേരത്തെയും സമാന ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്.
2019ല്‍ ആരോപണം ഉയർന്നിട്ട് ആരും ഹരജി നല്‍കാതിരുന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. മാധ്യമവാർത്തകള്‍ക്ക് പുറമെ കൂടുതല്‍ രേഖകള്‍ ആവശ്യമാണ്. രണ്ട് രാജ്യങ്ങള്‍ അന്വേഷണം നടത്തുന്നതിനാല്‍ ആരോപണത്തിന് വിശ്വാസ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ രണ്ടംഗ ബഞ്ച് നിരീക്ഷിച്ചു. രാജ്യത്ത് പെഗാസസ് ഉപയോഗം നടന്നിട്ടുണ്ടെന്ന് സർക്കാർ തന്നെ പാർലമെന്റില്‍ സമ്മതിച്ചിട്ടും ഇതുവരെ ഇതു സംബന്ധിച്ച ഒരു അന്വേഷണത്തിനും സർക്കാർ തയ്യാറായിട്ടില്ല. ഇത് ദുരൂഹതയുണ്ടാക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകരായ കപില്‍ സിബല്‍, ശ്യാം ദിവാന്‍, മീനാക്ഷി അരോര എന്നിവർ വാദിച്ചു. ഹരജിയുടെ പകർപ്പ് കേന്ദ്രസർക്കാറിന് കൈമാറണമെന്ന് നിർദേശിച്ച കോടതി ചൊവ്വാഴ്ച മുതല്‍ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കി.