വിലക്കുകളില്‍ ഇളവ് ; യു.എ.ഇയിലേക്ക് പ്രവാസികള്‍ മടങ്ങിയെത്തുന്നു

കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് പ്രവാസികള്‍ മടങ്ങി എത്തിത്തുടങ്ങി.യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആണ് പ്രവാസികള്‍ മടങ്ങി തുടങ്ങിയത്. ആദ്യ ദിവസം കുറച്ചുപേര്‍ക്ക് മാത്രമാണ് മടക്കയാത്ര സാധ്യമായത്. മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിരവധി യാത്രക്കാര്‍ക്ക് മടങ്ങാനായിട്ടില്ല. പുതിയ ഇളവുകള്‍ പ്രകാരം യു.എ.ഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച താമസ വിസക്കാര്‍ക്ക് മാത്രമാണ് മടങ്ങാന്‍ അനുമതി. സന്ദര്‍ശക വിസക്കാര്‍ക്ക് അനുമതിയില്ല. അതിനിടെ, ഷാര്‍ജയിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വറന്റൈന്‍ ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ പത്തു ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നായിരുന്നു നിര്‍ദേശം.

ദുബൈയിലെത്തുന്നവര്‍ക്ക് നേരത്തെ ക്വറന്റൈന്‍ ഒഴിവാക്കിയിരുന്നു. മടക്കയാത്രയ്ക്ക് അനുമതി ലഭിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് നാലു മണിക്കൂറിനുള്ളില്‍ എടുത്ത റാപിഡ് പി.സി.ആര്‍ പരിശോധന ഫലം എന്നിവ കൂടെ കരുതണം. താമസവിസയുടെ കാലാവധി തീര്‍ന്നവരുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദുബൈ വിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എയുടെയും അബൂദബി ഉള്‍പ്പെടെ മറ്റു വിസക്കാര്‍ ഐ.സി.എയുടെ അനുമതിയുമാണ് തേടേണ്ടത്. യാത്രക്കാര്‍ക്ക് മടങ്ങിവരാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കുള്ള അറിയിപ്പുകള്‍ പുറത്തിറക്കി എയര്‍ഇന്ത്യ. യുഎഇയില്‍ നിന്നു തന്നെ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയര്‍ക്ക് മാത്രമാണ് അനുമതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. യുഎഇ അധികൃതര്‍ അംഗീകരിച്ച വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.

വാക്‌സിനെടുക്കാതെ യാത്രാ അനുമതിയുള്ളവര്‍ :

യുഎഇ സ്വദേശികളും അവരുടെ അടുത്ത ബന്ധുക്കളും
ഗോള്‍ഡന്‍, സില്‍വര്‍ വിസയുള്ളവര്‍
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരും
ആരോഗ്യപ്രവര്‍ത്തകര്‍ – ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍
വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നര്‍ – പ്രൊഫസര്‍മാര്‍, അധ്യാപകര്‍, യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍
യുഎഇിലെ സര്‍ക്കാര്‍ ജീവനക്കാര്‍
കുടുംബാംഗങ്ങളുടെ അടുത്തെത്തുന്നതിന് മാനുഷിക പരിഗണനയുടെ പേരില്‍ അനുമതി ലഭിക്കുന്ന താമസ വിസയുള്ളവര്‍
യുഎഇയില്‍ ചികിത്സക്കായി പോകുന്ന രോഗികള്‍
എക്‌സ്‌പോ 2020 എക്‌സിബിറ്റര്‍മാര്‍, മറ്റ് പങ്കാളികള്‍

യാത്രാ നിബന്ധനകള്‍:

ക്യൂ.ആര്‍ കോഡ് ഉള്ള കൊവിഡ് ആര്‍.ടി പി.സി.ആര്‍ പരിശോധനാ ഫലം – അംഗീകൃത ലാബുകളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ സാമ്പിള്‍ കൊടുത്ത് പരിശോധിച്ചതായിരിക്കണം.
വിമാനത്താവളത്തില്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് പി.സി.ആര്‍ പരിശോധനാ ഫലം
യുഎഇയിലെത്തിയ ശേഷം ആര്‍.ടി. പി.സി.ആര്‍ പരിശോധന നടത്തണം
യുഎഇ സ്വദേശികള്‍ക്ക് ഈ നിബന്ധനകളില്‍ ഇളവ് ലഭിക്കും
യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം