www. ലോകം മാറ്റിമറിച്ച കണ്ടെത്തല്‍ പിറന്നിട്ട് മുപ്പത് വര്‍ഷം തികയുന്നു

ഇക്കാലത്ത് ഇന്റര്‍നെറ്റ് ഇല്ലാത്ത ജീവിതം നമ്മളില്‍ പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ലോക് ഡൌണ്‍ സമയത്തു പലരെയും മറ്റുള്ളവരുമായി ചേര്‍ത്തു നിര്‍ത്തിയത് ഇന്റര്‍നെറ്റ് എന്ന സംവിധാനം ആണ്. അത് ഉള്ളത് കൊണ്ടാണ് ഇപ്പോള്‍ അത്യാവശ്യ സംവിധാനങ്ങള്‍ വരെ മുടക്കം കൂടാതെ നടന്നു വരുന്നത്. 1991ലെ ഈ ദിവസമാണ് ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ടിം ബെര്‍ണേഴ്‌സ് ലീ ഒരു ‘വേള്‍ഡ് വൈഡ് വെബ്’ പദ്ധതിയില്‍ സഹകരിക്കാന്‍ ആളുകളെ ക്ഷണിച്ചത്. വെബിന്റെ തുടക്കമായതിനാല്‍ മിക്ക ആളുകളും ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

പരസ്പരബന്ധിതമായ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളുടെ രൂപത്തിലല്ല ബെര്‍ണേഴ്‌സ്-ലീ ഇന്റര്‍നെറ്റ് കണ്ടുപിടിച്ചത്. 1960കളില്‍ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ മെച്ചപ്പെട്ടപ്പോള്‍, നെറ്റ്വര്‍ക്കിംഗ് ഒരു പ്രധാന വികസന മേഖലയായി മാറി. യുഎസ് പ്രതിരോധ വകുപ്പായിരുന്നു ഗവേഷണത്തിനുള്ള ധനസ്രോതസ്സ്. ഇന്റര്‍നെറ്റ് എന്ന വാക്ക് 1974 മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്. 1982 ആയപ്പോഴേക്കും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സ്യൂട്ട് നിലവില്‍ വന്നു. വിവിധ തരത്തിലുള്ള നെറ്റ്വര്‍ക്കുകള്‍ വിപുലീകരിക്കുകയും സൂപ്പര്‍ കമ്പ്യൂട്ടറുകളിലേക്കുള്ള മാറ്റത്തിലൂടെ ബെര്‍ണേഴ്സ്-ലീ രൂപപ്പെടുത്തിയ ഇന്റര്‍നെറ്റിനേക്കാള്‍ വിവരങ്ങള്‍ പങ്കിടാനുള്ള വേഗത വളരെയധികം വര്‍ദ്ധിക്കുകയും ചെയ്തു. ഇന്റര്‍നെറ്റ്, വെബ് എന്നീ പദങ്ങള്‍ പലപ്പോഴും വ്യത്യാസമില്ലാതെ ഉപയോഗിക്കാറുണ്ടെങ്കിലും വെബ് എന്നത് ഒരു ഇന്റര്‍നെറ്റ് സേവനം മാത്രമാണ്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ ജോലി ചെയ്തിരുന്ന ബെര്‍ണേഴ്‌സ് ലീ ഹൈപ്പര്‍ടെക്സ്റ്റിന്റെ സാധ്യതകളാണ് ലോകത്തിന് മുന്നില്‍ തുറന്ന് കാണിച്ചത്. ഹൈപ്പര്‍ടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങള്‍ കൈമാറുന്ന രീതിക്കാണ് ലീ തുടക്കം കുറിച്ചത്. ടിം ബെര്‍ണേഴ്‌സ്-ലീ 1989 മാര്‍ച്ചില്‍ വേള്‍ഡ് വൈഡ് വെബിനായുള്ള ആദ്യ നിര്‍ദ്ദേശവും 1990 മേയില്‍ രണ്ടാമത്തേതും എഴുതി. ബെല്‍ജിയന്‍ സിസ്റ്റം എഞ്ചിനീയര്‍ റോബര്‍ട്ട് കെയ്‌ലിയാവുമായി ചേര്‍ന്ന്, 1990 നവംബറില്‍ ഒരു മാനേജ്‌മെന്റ് നിര്‍ദ്ദേശമായി ഔപചാരികമാക്കി. പ്രധാന ആശയങ്ങള്‍ രൂപപ്പെടുത്തുകയും വെബിന് പിന്നിലെ പ്രധാനപ്പെട്ട പദങ്ങള്‍ നിര്‍വ്വചിക്കുകയും ചെയ്തു. 1990 അവസാനത്തോടെ, ടിം ബെര്‍ണേഴ്‌സ് ലീ തന്റെ ആശയങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് CERNല്‍ ആദ്യത്തെ വെബ് സെര്‍വറും ബ്രൗസറും പ്രവര്‍ത്തിപ്പിച്ചു. NeXT കമ്പ്യൂട്ടറില്‍ അദ്ദേഹം തന്റെ വെബ് സെര്‍വറിനായുള്ള കോഡ് വികസിപ്പിച്ചെടുത്തു.

വെബ്‌സൈറ്റുകള്‍ക്ക് മുമ്പ് ആളുകള്‍ കത്തുകള്‍ എഴുതുകയോ പരസ്പരം ടെലിഫോണ്‍ ചെയ്യുകയോ ആണ് ചെയ്തിരുന്നത്. മെയില്‍ ഓര്‍ഡര്‍ കാറ്റലോഗ് ഉപയോക്താക്കള്‍ ഒഴികെ മറ്റെല്ലാവരും ഷോപ്പിംഗിനായി കടകളില്‍ പോയിരുന്നു. അറിവുകള്‍ ലഭിച്ചിരുന്നത് പുസ്തകങ്ങളില്‍ നിന്നും ലൈബ്രറികളില്‍ നിന്നുമായിരുന്നു. സംഗീതം റെക്കോര്‍ഡുകളിലൂടെയും ടേപ്പുകളിലൂടെയുമാണ് ലഭിച്ചിരുന്നത്. ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നില്ല. ആരും ട്രോളുകള്‍ പുറത്തിറക്കിയിരുന്നില്ല. ബെര്‍ണേഴ്‌സ്-ലീയുടെ ഇടപെടലിന് മുമ്പ് ആധുനിക ഇന്റര്‍നെറ്റിന് ഏറ്റവും അടുത്തു നില്‍ക്കുന്ന മറ്റൊരു കണ്ടുപിടിത്തം ബുള്ളറ്റിന്‍ ബോര്‍ഡ് സിസ്റ്റങ്ങളാണ്. 1978-ല്‍ ചിക്കാഗോയില്‍ വാര്‍ഡ് ക്രിസ്റ്റന്‍സണും റാന്‍ഡി സ്യൂസും ചേര്‍ന്നാണ് ഇത് കണ്ടുപിടിച്ചത്. അവര്‍ അവരുടെ സിസ്റ്റത്തെ കമ്പ്യൂട്ടറൈസ്ഡ് ബുള്ളറ്റിന്‍ ബോര്‍ഡ് സിസ്റ്റം (സിബിബിഎസ്) എന്ന് വിളിക്കുകയും മോഡമുകള്‍ വഴി ബന്ധിപ്പിച്ചിട്ടുള്ള ബുള്ളറ്റിന്‍ ബോര്‍ഡുകള്‍ ഉടന്‍ തന്നെ കമ്പ്യൂട്ടര്‍ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാകുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് കൗണ്‍സിലിനായി പ്രമുഖ അക്കാദമിക് വിദഗ്ധരും സാംസ്‌കാരിക പ്രമുഖരും ശാസ്ത്രജ്ഞരും ചേര്‍ന്ന് തെരഞ്ഞെടുത്ത ലോകത്തെ രൂപപ്പെടുത്തിയ 80 നിമിഷങ്ങളുടെ പട്ടികയില്‍, വെബ് കണ്ടുപിടിത്തം ഒന്നാമതായി. ”എക്കാലത്തെയും അതിവേഗം വളരുന്ന ആശയവിനിമയ മാധ്യമമായ ഇന്റര്‍നെറ്റ് ആധുനിക ജീവിതത്തിന്റെ രൂപം തന്നെ എന്നെന്നേക്കുമായി മാറ്റിയിരിക്കുന്നു. ലോകമെമ്പാടും നമുക്ക് തല്‍ക്ഷണം പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുന്നു,” ബ്രിട്ടീഷ് കൗണ്‍സില്‍ പറയുന്നു.