വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് എതിരെ മോശം പോസ്റ്റ് ; ഇടതുപക്ഷ സഹയാത്രികന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് എതിരെ ഫേസ്ബുക്കില്‍ മോശമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്ത ഇടതുപക്ഷ സഹയാത്രികന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം . കുട്ടികളുടെ അമ്മ നല്‍കിയ പരാതിയില്‍ ആണ് ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. പാലക്കാട് മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി സ്‌പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസമാണ് ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇയാള്‍ ഇടത്.

തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാണ് കുട്ടികളുടെ ‘അമ്മ മത്സരിച്ചത്. ഇതാണ് ഇത്തരത്തില്‍ പോസ്റ്റ് ഇടാന്‍ കാരണമായി കരുതുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും എസ്.സി, എസ്.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. പീഡന കേസുകളില്‍ ഇരകളുടെ കുടുംബത്തെ അപമാനിക്കുന്നത് വലിയ കുറ്റമായിരിക്കെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.