വിവാഹ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ സമയമായി എന്ന് ഹൈക്കോടതി

നിലവിലെ വിവാഹ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി. വിവാഹങ്ങള്‍ക്ക് വ്യക്തി നിയമത്തിന് പകരം മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹത്തിനും വിവാഹ മോചനത്തിനും മതേതര ഏകീകൃത നിയമം അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുന്നു. വിവാഹ മോചനം അനുവദിച്ചതിന്റെ എതിരായി അപ്പീല്‍ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. വിവാഹവും വിവാഹ മോചനവും ഇത്തരം ഏകീകൃത നിയമപ്രകാരം നടപ്പാക്കണം.

പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനത്തിന്റെ കാരണമായി കണക്കാക്കാം എന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ചരിത്രപരമായ നിരീക്ഷണം. നേരത്തെ ഡല്‍ഹി ഹൈക്കോടതി ഉള്‍പ്പെടെ ഈ വിഷയത്തി സമാനമായ നിരീക്ഷണം നടത്തിയിരുന്നു. ഏകീകൃത സിവില്‍ കോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊണ്ട് വരുന്നത് പരിഗണിക്കണം എന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.