70 പേരുടെ ജീവന്‍ എടുത്ത പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട് , ധനസഹായം നല്‍കാതെ സര്‍ക്കാര്‍

കേരളത്തിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. കോരിച്ചൊരിയുന്ന മഴയുടെ തണുപ്പില്‍ ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേരാണ് കുത്തിയൊലിച്ചു വന്ന മണ്ണിലും ചെളിയിലും പുതഞ്ഞു ജീവന്‍ വെടിഞ്ഞത്. താഴ്വരയിലെ ലയങ്ങളില്‍ കിടന്നുറങ്ങിയിരുന്ന 70 പേരാണ് ഓര്‍മയായത്. പെരുമഴയിലും തണുപ്പിലും പതിനാറ് ദിവസം തിരഞ്ഞിട്ടും നാല് പേരിന്നും കാണാമറയത്താണ്. പതിമൂന്ന് ഉറ്റവരെയാണ് കറുപ്പായിക്ക് നഷ്ടമായത്. അതില്‍ മകള്‍ കസ്തൂരിയെയും കൊച്ചുമകള്‍ പ്രിയദര്‍ശിനിയെയും കണ്ടെത്താനായില്ല. കാന്തിരാജിന്റെ മകള്‍ കാര്‍ത്തിക, ഷണ്‍മുഖനാഥന്റെ മകന്‍ ദിനേശ് കുമാര്‍ എന്നിവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ മരിച്ചതായി ഉത്തരവിറക്കിയെങ്കിലും സിവില്‍ ഡെത്ത് ഡിക്ലറേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ധനസഹായം കിട്ടിയിട്ടില്ല.

മരിച്ച 47 പേരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കി. കണ്ടുകിട്ടാനുള്ളവരുള്‍പ്പെടെ 24 പേര്‍ക്ക് ധനസഹായം കിട്ടാനുണ്ട്. സര്‍ക്കാര്‍ നൂലാമാലകളില്‍ പെട്ട് ഇത് നീണ്ടു പോകുകയാണ്. തേയില നുളളിയെടുത്തുണ്ടാക്കിയ സമ്പാദ്യമാണ് തൊഴിലാളികള്‍ക്ക് നഷ്ടമായത്. ആകെ 78 ലക്ഷം രൂപയുടെ നഷ്ടം ദുരന്തത്തിലുണ്ടായി എന്ന് സര്‍ക്കാര്‍ കണക്ക്. ആര്‍ക്കും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. എട്ട് പേര്‍ക്ക് പുതിയ വീടും നിര്‍മ്മിച്ച് നല്‍കി. മരിച്ചവരുടെ ശവകുടീരങ്ങളില്‍ പ്രണാമം അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ ഇന്ന് രാമജമലയിലെത്തും. സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. കണ്ണന്‍ ദേവന്‍ കമ്പനി തയ്യാറാക്കിയ ശവകുടീരങ്ങള്‍ ബന്ധുക്കള്‍ക്കായി സമര്‍പ്പിക്കും. എന്നാല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സകലതും നഷ്ടപ്പെട്ടതിന് സഹായമൊന്നും നല്‍കിയിട്ടില്ല.