കടയില്‍ പോകാന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ; പിടിവാശിയില്‍ സര്‍ക്കാര്‍

ജനങ്ങളെ കൂടുതല്‍ ദുരിതത്തില്‍ ആക്കുന്ന ലോക്ക് ഡൌണ്‍ ഇളവുകളില്‍ മാറ്റം വരുത്തില്ല എന്ന് ആവര്‍ത്തിച്ചു സര്‍ക്കാര്‍. നിബന്ധനകള്‍ പിന്‍വലിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തില്‍ ആണ് സര്‍ക്കാര്‍. ഡെല്‍റ്റ വൈറസ് ഭീഷണിയുള്ളതിനാല്‍ നിബന്ധന പാലിച്ചുള്ള ഇളവ് മാത്രമേ നല്‍കാനാവുമെന്ന് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു. നിലവിലെ ഉത്തരവ് മാറ്റാനാകില്ലെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രി പൊലീസ് നടപടികളെ ന്യായീകരിച്ചു. കുറച്ച് ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാം. നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് ഇടപെട്ടു. അവരുടെ ഉത്തരവദിത്തമാണ് പൊലീസ് നിര്‍വ്വഹിച്ചത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും മുന്‍പ് മൂന്നാം തരംഗമുണ്ടായാല്‍ സ്ഥിതി ഗുരുതരമാകുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

പെറ്റി പൊലീസ് എന്ന് ഈ സര്‍ക്കാരിന്റെ കാലത്തെ പൊലീസിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ കടകളില്‍ പോകാന്‍ കഴിയു എന്ന് സര്‍ക്കാര്‍ ഉത്തരവ് അശാസ്ത്രീയമാണെന്ന് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം കുറ്റപ്പെടുത്തി .ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് വിരുദ്ധമായ ഉത്തരവ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് കെ. ബാബു പറഞ്ഞു. റോഡില്‍ ഇറങ്ങുന്ന പെണ്‍കുട്ടികളെ പോലും പൊലീസ് ഭീഷണിപ്പെടുത്തുക ആണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

50 കൊല്ലം മുമ്പുള്ള കുട്ടന്‍പിള്ള പോലീസിന്റെ കാലത്തേക്ക് ഈ സര്‍ക്കാര്‍ പൊലീസിനെ മടക്കി കൊണ്ടുപോകുന്നു ആളുകളെ പൊലീസ് പീഡിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. പുറത്തിറങ്ങാന്‍ കഴിയാത്ത ആളുകള്‍ എങ്ങനെ സാധനം വാങ്ങും. ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. കടയില്‍ കയറണമെങ്കില്‍ ആര്‍.ടി.പി.സി. ആര്‍ സര്‍ട്ടിഫിക്കറ്റ് വേണം. പെറ്റി സര്‍ക്കാര്‍ എന്ന് ചരിത്രത്തില്‍ ഈ സര്‍ക്കാരിന് പേര് വരുമെന്നും സതീശന്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കടകളിലെത്തുന്നവര്‍ രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. രേഖകളുടെ പ്രിന്റ് ഔട്ടോ അല്ലെങ്കില്‍ മൊബൈലിലോ കാണിക്കാം. കൊവിഡ് വന്നുപോയവര്‍ ഒരു മാസം മുമ്പാണ് രോഗം വന്നതെന്ന രേഖയും നല്‍കണം എന്നിങ്ങനെയാണ് കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍. ഈ നിബന്ധനകള്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ടെങ്കിലും സഭയില്‍ ഉന്നയിച്ചപ്പോള്‍ ആരോഗ്യമന്ത്രി അക്കാര്യം പറഞ്ഞിരുന്നില്ല. വിഷയത്തില്‍ വ്യക്തത വരുത്തണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ, പല തവണ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സഭയില്‍ ചര്‍ച്ച നടന്നെന്നും അടിയന്തരപ്രമേയ നോട്ടീസ് നല്‍കുകയുണ്ടായെന്നും ഇതൊരു കീഴ്വഴക്കമാക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു. സഭയില്‍ ഈ പ്രശ്നം ഉന്നയിക്കുമ്പോള്‍ ഇതുവരെ പറയാത്ത കാര്യങ്ങള്‍ പറയണമെന്ന് സ്പീക്കര്‍ ഓര്‍മപ്പെടുത്തി.