ഭരണം മെച്ചപ്പെടുത്താന്‍ സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് ക്ലാസ് ; സംഭവം തിരുവനന്തപുരം നഗരസഭയില്‍
തിരുവനന്തപുരം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍മാര്‍ക്കായി പഠന ക്ലാസ്. മേയര്‍ ഉള്‍പ്പെടെ സിപിഎം കൗണ്‍സിലര്‍മാരില്‍ അധികവും പുതുമുഖങ്ങളാണ്. പ്രതിപക്ഷമായ ബിജെപി കൗണ്‍സില്‍ യോഗങ്ങളില്‍ ഔദ്യോഗിക രേഖകളുമായി വിമര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാര്‍ക്കായി സിപിഎം പഠന ക്ലാസ് സംഘടിപ്പിച്ചത്. കോര്‍പറേഷന്‍ ഭരണ സമിതിക്കെതിരെ നിരന്തരം ഉയരുന്ന പ്രതിപക്ഷ ആരോപണങ്ങള്‍ പക്വതയോടെ നേരിടാനും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ഭരണം മെച്ചപ്പെടുത്തി പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകാന്‍ എങ്ങനെ കഴിയും എന്നതിനെക്കുറിച്ച് ആണ് ക്ലാസ്. വിളപ്പില്‍ ശാല ഇ എം എസ് അക്കാദമിയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് ക്ലാസ്സ്.
നഗരസഭയിലെ ഉദ്യോഗസ്ഥരുമായി പെരുമാറുന്നത് എങ്ങനെ ? അവരോട് എങ്ങനെ ഇടപെടണം എങ്ങനെയാണ് പ്രോട്ടോകോള്‍ ? എന്തൊക്കെ കാര്യത്തിന് സഹായം തേടാം?വികസന ഫണ്ട് എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കാം ?
പദ്ധതികള്‍ എങ്ങനെ രൂപകല്പന ചെയ്ത ഫലപ്രദമായി നടപ്പാക്കാം ?
പൊതു ജനങ്ങളുമായുള്ള ഇടപെടലും പെരുമാറ്റവും എങ്ങനെ കാര്യക്ഷമമാക്കാം ?
കൗണ്‍സിലര്‍ സ്ഥാനം എങ്ങനെ പാര്‍ട്ടിക്ക് വേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്താം? എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സിപിഎം അനുഭാവിയായ ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ക്ലാസ് നയിച്ചത്. ഏഴു മാസമായ കൗണ്‍സിലിന്റെ കഴിഞ്ഞ ഏതാനും യോഗങ്ങളില്‍ പ്രതിപക്ഷം രേഖകള്‍ സഹിതം ആരോപണങ്ങള്‍ ഉയര്‍ത്തിയത് ഭരണസമിതിക്ക് ക്ഷീണമായിരുന്നു. കൗണ്‍സില്‍ യോഗങ്ങളിലെ നടപടി ക്രമങ്ങളിലും രാഷ്ട്രീയ ആരോപണങ്ങള്‍ നേരിടുന്നതിലും പുത്തന്‍ ഭരണസമിതിക്കുള്ള പരിചയക്കുറവ് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് കണ്ടാണ് തിരക്കിട്ട് പഠന ക്ലാസ് സംഘടിപ്പിച്ചതെന്നാണ് സൂചന. ഔദ്യോഗിക രേഖകള്‍ പ്രതിപക്ഷത്തിന് എങ്ങനെ ലഭിക്കുന്നുവെന്ന സംശയവും പാര്‍ട്ടിയിലെ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോര്‍പറേഷനിലെ പിന്നാക്കക്ഷേമ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന് നല്‍കിയ പരാതി പുറത്തു വന്നതാണ് ഇതില്‍ പ്രധാനം. ആരോപണങ്ങള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പിന്നാക്കാര്‍ക്ക് നല്‍കേണ്ട 75 ലക്ഷത്തിലധികം രൂപയാണ് പലരും ചേര്‍ന്ന് തട്ടിയെടുത്തത്. പൊലീസെടുത്ത രണ്ട് കേസുകളിലായി ഉദ്യോഗസ്ഥരും എസ് സി പ്രമോട്ടര്‍മാരുമടക്കം 11 പേരാണ് നിലവില്‍ പ്രതികള്‍. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആക്ഷേപത്തിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. തട്ടിപ്പില്‍ ഉള്‍പ്പെട്ടെ ഡി വൈ എഫ് ഐ നേതാവിനെ സംരക്ഷിക്കാന്‍ ഭരണപക്ഷം ശ്രമിക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഇടതു പക്ഷവുമായി ചേര്‍ന്നു നില്‍ക്കുമ്പോഴും പല ഉദ്യോഗസ്ഥരും പുതുമുഖങ്ങളായ കൗണ്‍സിലര്‍മാരെ വേണ്ടത്ര ഗൗനിക്കുന്നില്ല എന്നും അവരോട് സഹകരിക്കുന്നില്ല എന്നും ഭരണ കക്ഷിയില്‍പെട്ട പലരും ആക്ഷേപപവും പരിഭവവും ഉന്നയിച്ചിരുന്നു.