ജപ്തി ഭീഷണിയില്‍ കേരളത്തിലെ സിനിമാ തിയറ്ററുകള്‍ ; തുറക്കാന്‍ അനുവദിക്കണമെന്ന് തിയറ്റര്‍ ഉടമകള്‍
മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തിയറ്ററുകള്‍ വന്‍ ബാധ്യതയാണ് ഉടമകള്‍ക്ക് വരുത്തി വെയ്ക്കുന്നത്. കോവിഡ് പ്രതിസന്ധിയും തുടര്‍ന്നുള്ള നിയന്ത്രണങ്ങളും സിനിമാ തിയേറ്ററികള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വരുത്തുന്നത്. തിയേറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോണുകളുടെ അടവ് മുടങ്ങിയ തിയേറ്ററുകള്‍ ജപ്തിഭീഷണി നേരിടുന്നതിനാല്‍ എത്രയും പെട്ടെന്ന് നാല് ഷോയോടുകൂടി തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനെസേഷന്‍ ഓഫ് കേരള(ഫിയോക്)
2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളും തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചിരുന്നു എന്ന് ഫിയോക് ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് മണര്‍കാട്ട് പത്രകുറിപ്പില്‍ വ്യക്തമാക്കി. ലോക് ഡൌണ്‍ ഇളവുകള്‍ വന്നിട്ടും സിനിമാ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. അതുകൊണ്ടു തന്നെ മറ്റു മേഖലകള്‍ പോലെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ജിഎസ്ടിക്ക് പുറമേ സംസ്ഥാനത്ത് ഈടാക്കിയിരുന്ന വിനേദ നികുതി 2021 മാര്‍ച്ച് 30 വരെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഈ വ്യവസായം സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കണം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ഫിക്സഡ് ചാര്‍ഡ് 2020 ഡിസംബര്‍ വരെ 50 ശതമാനമാക്കിയിരുന്നു. പകുതി പ്രേക്ഷകരെ ഉള്‍പ്പെടുത്തി പ്രദര്‍ശങ്ങളുടെ എണ്ണവും കുറച്ച് തിയേറ്ററുകള്‍ തുറന്നപ്പോള്‍ വരുമാനത്തില്‍ വന്‍ കുറവുണ്ടായി. എന്നിട്ടും വൈദ്യുതി ഫിക്സഡ് ചാര്‍ജ് മുഴുവനായി അടയ്ക്കാന്‍ തിയേറ്റര്‍ ഉടമകള്‍ നിര്‍ബന്ധിതരാകുന്നു. 2020 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ വരെ ഫിക്സഡ് ചാര്‍ജ് പൂര്‍ണമായി ഒഴിവാക്കണം. നവീകരിച്ച തിയേറ്ററുകളില്‍ പല സ്‌ക്രീനുകളാണ് ഉള്ളത്. KSEB ഇവയെ മള്‍ട്ടിപ്ല്കസ് ആയി കണക്കാക്കി ചാര്‍ജ് ഈടാക്കാന്‍ സമ്മര്‍ദം ചൊലുത്തുന്നു. ഇത് നിയമപരമായി തികച്ചും തെറ്റാണ്. ഉത്സവകാലത്ത്, ചില സമയങ്ങളില്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്തിയതുകൊണ്ട് കണക്ടഡ് ലോഡില്‍ നേരിയ തോതില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ച സാഹചര്യം ഉണ്ടായി. ഇതിന് വലിയ പിഴ ചുമത്തിയത് പൂര്‍ണമായി ഒഴിവാക്കണം.
നിലവില്‍ എല്ലാ തിയേറ്ററുകളും ആധുനികവത്കരിച്ച് ഡിജിറ്റല്‍ പ്രൊജക്ഷന്‍ വഴിയാണ് പ്രദര്‍ശനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇപ്പോഴും പഴയ രീതിയില്‍ പരമ്പരാഗത ഓപ്പറേറ്റര്‍ ലൈസെന്‍സ് സമ്പ്രദായം തുടരുന്നു. പരമ്പരാഗത ഓപ്പറേറ്റര്‍ ലൈസെന്‍സ് സമ്പ്രദായം ഒഴിവാക്കാന്‍ ഭേദഗതി നടത്തി സഹായിക്കണം.ഒരു ടിക്കറ്റില്‍ മൂന്ന് രൂപവീതം ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളിലേക്ക് തിയേറ്ററുകള്‍ അടയ്ക്കേണ്ട വിഹിതം പൂര്‍ണമായി ഒഴിവാക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലൈസെന്‍സ് ലഭിക്കണമെങ്കില്‍ ഇലക്ട്രിക്കല്‍, PWD ബില്‍ഡിംഗ്, ആരോഗ്യ വകുപ്പ്, അഗ്‌നിരക്ഷാ സേന എന്നീ വകുപ്പുകളില്‍ നിന്ന് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. കേരള സിനിമ റെഗുലേറ്ററി ആക്റ്റില്‍ ഇത് മൂന്ന് വര്‍ഷം ആണെങ്കിലും പല വകുപ്പുകളും ഒരു വര്‍ഷത്തേക്ക് മാത്രമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഏകീകരിച്ച് മൂന്ന് വര്‍ഷത്തെ കാലവധിയാക്കി തരാനുള്ള നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.