ടോക്കിയോ 2020 ; അത്ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം
ടോക്കിയോ 2020 ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയാണ് രാജ്യത്തിനു സ്വര്‍ണത്തിളക്കം കൊണ്ട് വന്നത്. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വമായ നേട്ടവും നീരജ് ഇതോടെ സ്വന്തമാക്കി. ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കരിയര്‍ കണ്ടെത്തിയത് 87.58. എന്നാല്‍ മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗള്‍ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നില്‍. ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റര്‍) വെങ്കലവും നേടി.
പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ, ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാവാനും നീരജിനായിരുന്നു. അണ്ടര്‍ 20 ലോകചാംപ്യനും ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച ദൂരം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണിത്.
അതേസമയം ഇന്ത്യക്ക് ആറാം മെഡല്‍ സമ്മാനിച്ച് ഇന്ത്യന്‍ ഗുസ്തി താരം ഭജ്രംഗ് പുനിയ. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് പുനിയയുടെ വെങ്കല മെഡല്‍ നേട്ടം. ടോക്യോയിലെ ഗോദയില്‍ നിന്നും ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ പുരുഷന്മാരുടെ തന്നെ 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യക്കായി രവി കുമാര്‍ ദാഹിയ വെള്ളി മെഡല്‍ നേടിയിരുന്നു. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖ്സ്താന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് ഭജ്രംഗ് പുനിയ തോല്‍പ്പിച്ചത്. കസാഖ് താരത്തിനെതിരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ താരം 8-0 എന്ന സ്‌കോറിന് ജയം നേടിയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ആധികാരികമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. ആദ്യ റൗണ്ടില്‍ രണ്ട് പോയിന്റുകള്‍ മാത്രം നേടിയ ഇന്ത്യന്‍ താരം രണ്ടാം റൗണ്ടില്‍ ആറ് പോയിന്റ് നേടിയാണ് മെഡല്‍ കൈക്കലാക്കിയത്. മെഡല്‍ നേത്തിലും ടോക്യോയില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് നേട്ടമാണ്. ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയില്‍ നേടിയത്. ഒരു സ്വര്‍ണം രണ്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നില.