കോവിഡ് പ്രോട്ടോക്കോള്‍ മമ്മൂട്ടിക്കെതിരെ പൊലീസ് കേസ് ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ നടന്‍ മമ്മൂട്ടിക്കെതിരെ പൊലീസ് കേസ്. കോഴിക്കോട് എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. എപ്പിഡമിക് ഡിസീസസ് ആക്ട് പ്രകാരമാണ് കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മമ്മൂട്ടി സ്വകാര്യ ആശുപത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാണ് കേസ്. മമ്മൂട്ടിയെ കൂടാതെ നടന്‍ രമേശ് പിഷാരടി, നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സുരക്ഷയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിക്കെതിരായ നടപടി. നടന്മാര്‍ എത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂടിയിരുന്നതായും ഇവര്‍ക്കും ഉടന്‍ നോട്ടീസ് അയക്കുമെന്നും പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ആര്‍. രാജേഷ് കുമാര്‍ പറഞ്ഞു. അതേസമയം വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ രംഗത് വന്നു. ഇലക്ഷന്‍ സമയം തോന്നിയ പോലെ നടന്ന രാഷ്ട്രീയക്കാര്‍ക്ക് എതിരെ ഒരു ചെറു വിരല്‍ പോലും അനക്കാത്ത പോലീസ് ഇപ്പോള്‍ ആണോ ഉറക്കം ഉണര്‍ന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന ചിത്രങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.