സ്വര്‍ണക്കടത്ത് കേസില്‍ ദുരൂഹത കൂടുന്നു : റമീസിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നയാളും മരിച്ചു
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ദുരൂഹ മരണം. സംഭവത്തില്‍ ഒന്നാം പ്രതിയുടെ സുഹൃത്തും കൂട്ടാളിയുമായ റമീസ് ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് റമീസ് ബൈക്ക് കാറില്‍ ഇടിച്ചു കൊല്ലപ്പെടുന്നത്. എന്നാല്‍ റമീസ് ഇടിച്ച കാറിന്റെ ഉടമയും മരിച്ചു എന്നതാണ് പുതിയ വിവരം. തളാപ്പ് ഓലച്ചേരികാവിന് സമീപത്തെ സംഗീതില്‍ അശ്വിന്‍ പി വി (42) ആണ് മരിച്ചത്. അശ്വിന്റെ മരണകാരണം ആന്തരിക രക്തസ്രാവം എന്നാണ് പ്രാഥമിക നിഗമനം. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇന്നലെ കണ്ണൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.
കഴിഞ്ഞ മാസം 23നാണ് അശ്വിന്‍ ഓടിച്ചിരുന്ന കാറില്‍ അര്‍ജുന്‍ ആയങ്കിയുടെ ഉറ്റസുഹൃത്തായ റമീസ് ഓടിച്ച ബൈക്ക് ഇടിച്ചത്. അര്‍ജുന്‍ ആയങ്കിയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് റമീസ് ഓടിച്ചിരുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ട ദിവസമായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് ചോര ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അശ്വിനെ ആശുപതിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അച്ഛന്‍: സദാനന്ദന്‍ പി വി , അമ്മ :ഗീത വി കെ , സഹോദരന്‍: അനുഷ് പി വി (ആസ്‌ത്രേലിയ). റമീസിന്റെ മരണം കൊലപാതകം ആണെന്ന ആരോപണം നിലനില്‍ക്കെയാണ് ഇപ്പോള്‍ കാര്‍ ഉടമയും ദുരൂഹമായി മരിക്കുന്നത്.