നടി ശരണ്യ ശശി അന്തരിച്ചു

തന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരുന്ന അസുഖത്തിന് മുന്നില്‍ അവസാനം ശരണ്യ തോറ്റു. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്ന ശരണ്യ (33) ഇന്ന് ഉച്ചയ്ക്ക് ആണ് മരിച്ചത് . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡും പിന്നാലെ ന്യുമോണിയയും ബാധിച്ച് ശരണ്യയുടെ സ്ഥിതി അതീവ ഗുരുതരവാസ്ഥയിലായിരുന്നു. 36 ദിവസത്തിലേറെയായി ശരണ്യ ആശുപത്രിയില്‍ കഴിയുകയാണെന്നും കീമോ തുടങ്ങിയതായും ശരണ്യയുടെ സുഹൃത്തും നടിയുമായ സീമ ജി നായര്‍ യു ട്യൂബ് വീഡിയോയില്‍ മുമ്പ് പറഞ്ഞിരുന്നു. മെയ് 23 നാണ് ശരണ്യയെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. ജൂണ്‍ 10ന് കോവിഡ് നെഗറ്റീവായി റൂമിലേക്ക് മാറ്റിയെങ്കിലും അന്ന് രാത്രി തന്നെ പനി കൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി.

സിനിമാ- സീരിയല്‍ നടിയായ ശരണ്യയ്ക്ക് 2012 ലാണ് ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയുന്നത്. നിരവധി തവണ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് പൊരുതി തിരിച്ചുവന്ന ശരണ്യ അനേകം പേര്‍ക്ക് മാതൃകയും പ്രചോദനവുമായിരുന്നു. ഏഴു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ വീണ്ടും ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതായി കഴിഞ്ഞ മാര്‍ച്ചില്‍ യൂട്യൂബ് ചാനലില്‍ അമ്മ പറഞ്ഞിരുന്നു. ശരണ്യ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ പങ്കിടുന്ന യൂട്യൂബ് ചാനലില്‍ വന്ന് അമ്മയാണ് ഈ വിവരം പറഞ്ഞത്. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏവരുടെയും പ്രാര്‍ത്ഥന തേടിയും ഇതുവരെ അകമഴിഞ്ഞ് സഹായിച്ചവരോടുള്ള നന്ദി അറിയിച്ചുമാണ് ശരണ്യയുടെ അമ്മ യൂട്യൂബ് വീഡിയോയില്‍ എത്തിയത്.

തുടര്‍ച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവര്‍ക്ക് സിനിമ – സീരിയല്‍ മേഖലയില്‍ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേര്‍ന്ന് വീടു നിര്‍മിച്ചു നല്‍കുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നു. തുടരെത്തുടരെയുള്ള ശസ്ത്രക്രിയകള്‍ ശരണ്യയുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചു. 2019 ല്‍ ചെയ്ത ഏറ്റവും ഒടുവിലത്തെ ശസ്ത്രക്രിയയ്ക്കു ശേഷം വളരെ ബുദ്ധിമുട്ടിയാണ് എഴുന്നേറ്റു നടക്കാനുള്ള സ്ഥിതിയിലേക്കെത്തിയത്. ചികിത്സയ്ക്കിടിയിലും തന്റെ യൂട്യൂബ് ചാനലിലൂടെ സജീവമായിരുന്നു ശരണ്യ. തനിക്ക് ലഭിച്ച ചികിത്സാ സഹായത്തിന്റെ ഒരു പങ്ക് പ്രളയബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.