ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാര്‍ക്ക് പിന്തുണയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പരക്കെ ഈ ബുള്‍ ജെറ്റ് മയം ആണ്. അവരെ എതിര്‍ത്തും പിന്തുണച്ചും ധാരാളം പേരാണ് ഇപ്പോള്‍ രംഗത് ഉള്ളത്. ഈ ബുള്‍ ആരാധകര്‍ വ്യാപകമായ എതിര്‍പ്പാണ് വിഷയത്തില്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഇവയില്‍ കൂടുതലും കൊച്ചു കുഞങ്ങള്‍ ആണ് എന്നുള്ളതാണ് രസകരം. അവരെ കഴിഞ്ഞാല്‍ വണ്ടി ഭ്രാന്തന്മാര്‍ ആണ് ഈ ബുള്‍ സഹോദരങ്ങളുടെ ആരാധകര്‍. എന്നാല്‍ ഇവരെ കണക്കറ്റ് ട്രോളുകയാണ് മിക്ക ട്രോള്‍ ഗ്രൂപ്പുകളും. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി. അതേസമയം ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരായ എബിനും ലിബിനും പിന്തുണയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത് വന്നു.
പൊലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ എന്ന് ചോദിച്ച മാത്യു കുഴല്‍നാടന്‍ ഓരോ ദിവസവും പൊലീസ് അതിക്രമങ്ങളുടെ വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും പറഞ്ഞു. ഇന്ന് കൊറോണയെക്കാള്‍ വലിയ വിപത്തായി മാറുകയാണ് പൊലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങള്‍. ഇതില്‍ ഒടുവിലത്തേതാണ് ഇ- ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥര്‍ കാട്ടിയതെന്ന് കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. ”നിയമലംഘനം ഉണ്ടെങ്കില്‍ നടപടി എടുക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ ഉണ്ട്. അല്ലാതെ നിങ്ങള്‍ക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാന്‍ ഇത് വെള്ളിരിക്കാപട്ടണമല്ല”-അദ്ദേഹം പറഞ്ഞു.
വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കള്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴില്‍ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. പോസ്റ്റിനെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ നിയമലംഘനത്തെ ന്യായീകരിക്കാനല്ല തന്റെ ഉദ്ദേശമെന്ന് അദ്ദേഹം വിശദീകരണം നല്‍കി. ദിനംപ്രതി ഉയര്‍ന്ന് വരുന്ന പൊലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് തന്റെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.