കേരളം കത്തിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ; ഇ-ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരുടെ 17 ആരാധകര്‍ പിടിയില്‍

ഇ -ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ആരാധകരായ 17 പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബര്‍മാരുടെ വാന്‍ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് രാവിലെ മുതല്‍ മോട്ടര്‍ വാഹന വകുപ്പിന്റെ ഓഫീസ് പരിസരത്ത് കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചുകൊണ്ട് വ്‌ലോഗര്‍മാര്‍തന്നെ പോസ്റ്റ് ചെയ്ത വിഡിയോയില്‍നിന്നാണ് ഇവര്‍ കണ്ണൂരിലെ ഓഫീസില്‍ എത്തുന്ന വിവരവും സമയവും ആരാധകര്‍ അറിഞ്ഞത്. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിര്‍ത്തിയിരുന്നത്. ഇവിടെയെത്തി വാഹനത്തിനൊപ്പം ആരാധകര്‍ സെല്‍ഫിയെടുക്കുന്നുണ്ടായിരുന്നു.

മറ്റു ചിലര്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും ചിലര്‍ വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോട്ടര്‍ വാഹന വകുപ്പിന്റെ ഓഫീസിനുള്ളില്‍ വ്‌ലോഗര്‍മാര്‍ ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കാനും ലൈവ് വിഡിയോ ചിത്രീകരിക്കാനും തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ പൊടുന്നനെ മാറിയത്. ലൈവ് വിഡിയോ പുറത്തുവന്നതോടെ കൂടുതല്‍പേര്‍ ഇവിടേക്ക് എത്താന്‍ തുടങ്ങി. ഇതിനിടെ ഓഫീസിലെ കംപ്യൂട്ടറുകളിലൊന്നിന്റെ മോണിറ്റര്‍ യൂട്യൂബര്‍മാരുടെ കൈ തട്ടി വീണു പൊട്ടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതിപ്പെട്ടു. ശേഷം തൊട്ടടുത്ത ടൗണ്‍ സ്റ്റേഷനില്‍നിന്ന് എസ് ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി.

വ്‌ലോഗര്‍മാരെ കസ്റ്റഡിയിലെടുത്തപ്പോള്‍ പൊലീസ് മര്‍ദിക്കുന്നുവെന്ന് ആരോപിച്ച് ഇരുവരും പൊട്ടിക്കരയുകയും വൈകാരിക രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചതോടെ ആരാധകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ റോഡില്‍ തമ്പടിച്ചു. ഇതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ഇടപെട്ടു. പൊലീസിന് നേരെ കലാപാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇവരില്‍ 17 പേരെ അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം അനുവദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് ഒരാള്‍ക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കളക്ടറേറ്റിലെ ആര്‍ടിഒ ഓഫിസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പിഴയടയ്ക്കാമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കോടതിയില്‍ അറിയിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസില്‍ മാത്രം എബിനും ലിബിനുമെതിരായി ചുമത്തിയിരിക്കുന്നത്.