കാത്തിരിപ്പുകള്‍ക്ക് വിരാമം ; മെസി പി.എസ്.ജിയിലേക്ക്

ആരാധകരുടെയും ഫുട് ബോള്‍ പ്രേമികളുടെയും ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബാഴ്സലോണ വിട്ട അര്‍ജന്റീന സൂപ്പര്‍ താരം മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്ക് ചേക്കേറി. ക്ലബുമായി താരം ധാരണയിലെത്തിയതായി സ്‌പോര്‍ട്‌സ് മാധ്യമമായ ‘ലെക്യുപ്’ റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകള്‍ക്കകം താരം പാരിസില്‍ എത്തിച്ചേരും. ബാഴ്‌സയുമായുള്ള നീണ്ട രണ്ടു പതിറ്റാണ്ടു നീണ്ട ബന്ധം അവസാനിച്ച ശേഷം വികാരനിര്‍ഭരമായിട്ടായിരുന്നു കഴിഞ്ഞ ദിവസം മെസി ക്ലബ് വിട്ടത്. എംബാപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ് തുടങ്ങിയ സൂപ്പര്‍താരനിര അരങ്ങുവാഴുന്നിടത്തേക്കാണ് അര്‍ജന്റീനിയന്‍ ഇതിഹാസമെത്തുന്നത്.

ഇതോടെ, പി.എസ്.ജിയുടെ സ്‌ക്വാഡ് മറ്റേത് യൂറോപ്യന്‍ ക്ലബ്ബിനേക്കാളും കരുത്തരാകും. 2017-ല്‍ നെയ്മറെ ബാഴ്‌സയില്‍ നിന്ന് പി.എസ്.ജിയിലെത്തിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാകും മെസ്സിക്കായി സ്വന്തമാക്കാന്‍ ക്ലബ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ സത്യമാകുകയാണെങ്കില്‍ മെസിയുടെ വരവ് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുക കോച്ച് മൗറീഷ്യോക്കാകും. മെസ്സി, നെയ്മര്‍, എംബാപ്പെ, ഏയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ വമ്പന്മാരെ ഒരുമിച്ചെങ്ങനെ അണിനിരത്തുമെന്നാകും മൗറീഷ്യോപോച്ചെറ്റിനോയുടെ വേവലാതി. മെസ്സി എത്തിയാല്‍ എംബാപ്പെ, നെയ്മര്‍ എന്നിവര്‍ക്കൊപ്പം സ്വാഭാവികമായും താരത്തെ മുന്നേറ്റ നിരയില്‍ കളിപ്പിക്കേണ്ടി വരും. അപ്പോള്‍ ഇക്കാര്‍ഡിയുടെ സ്ഥാനം സ്വാഭാവികമായി ഭീഷണിയിലാകും.ഡി മരിയയെ ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്നതും ചോദ്യ ചിഹ്നമാകും.