ഓണച്ചന്തയില്‍ നിന്ന് ‘മുഹറം’ ഒഴിവാക്കി
കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ നടക്കുന്ന ഓണ വിപണിയില്‍ നിന്നും മുഹറം ഒഴിവാക്കി. ശക്തമായ പ്രതിഷേധത്തിനെ തുടര്‍ന്നാണ് ഓണം – മുഹറം സഹകരണ വിപണി എന്നതില്‍ നിന്നും മുഹറം ഒഴിവാക്കിയത്. സഹകരണ ഓണം വിപണി എന്നാണ് ഇനി ഉപയോഗിക്കുക. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പേര് ഒഴിവാക്കിയതയെന്ന് കണ്‍സ്യൂമര്‍ ഫെഡ് എം ഡി മെഹ്ബൂബ് അറിയിച്ചു. ഇനി മുതല്‍ സബ്സിഡി വിപണിയുടെ ഭാഗമായ എഴുത്തുകളിലും യോഗങ്ങളിലും പരസ്യങ്ങളിലും മുഹറം എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നും അറിയിച്ചു. നിലവില്‍ തയാറാക്കിയ ബാനറില്‍നിന്ന് മുഹറം എന്ന വാക്ക് ഒഴിവാക്കണമെന്നും കണ്‍സ്യൂമര്‍ ഫെഡ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഓണം – മുഹറം വിപണികളുടെ സംസ്ഥാഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതില്‍ മുഹറം എന്ന വാക്ക് വന്നതോടെ പല സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. ഓണം – മുഹറം ചന്തയില്‍നിന്ന് മുഹറം എന്ന വാക്ക് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് പോലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുസ്ലിം ലീഗിന്റെ നിലപാടിനെതിരെ കെ ടി ജലീല്‍ എം എല്‍ എ രംഗത്തുവന്നിരുന്നു.
കേരളത്തിലെ മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ മുഹറം 10 വിശേഷാല്‍ ദിവസമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞിരുന്നു. മുഹറം 9, 10 തീയതികളില്‍ നോമ്പനുഷ്ഠിക്കല്‍ പുണ്യകര്‍മമാണെന്നാണ് ഇസ്ലാമില്‍ നിര്‍ദ്ദേശമുള്ളത്. അതല്ലാതെ മുഹറം ഒരു ആഘോഷക്കാലമല്ല. അതിനാല്‍ മുഹറത്തിന്റെ പേരില്‍ ഒരു ചന്തയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം നാടുകളില്‍ അങ്ങനെയൊരു ചന്തയില്ല. എല്ലാ മാസങ്ങളിലും പല ദിവസങ്ങളിലും വ്രതാനുഷ്ടാനം പുണ്യകര്‍മങ്ങളാണ്. എന്നാല്‍ അതൊന്നും അവര്‍ ആഘോഷമാക്കാറില്ല. ഇങ്ങനെയൊരു ചന്ത വേണമെന്ന് മുസ്ലിംകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുമില്ല. – ഹുസൈന്‍ മടവൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഓണം മുഹറം ചന്തകള്‍ എന്നതില്‍ നിന്ന് സര്‍ക്കാര്‍ മുഹറം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടിരുന്നു.
മുഹറം ആഘോഷമല്ലെന്നും മുഹറത്തിന് ചന്തകള്‍ തുറക്കേണ്ട ആവശ്യമില്ലെന്നും പി എം എ സലാം പറഞ്ഞു. ഓണചന്തയ്ക്കൊപ്പം മുഹറം ചന്ത നടത്തുന്നത് മുസ്ലിങ്ങളെ കൈയിലെടുക്കാനുള്ള ചെപ്പടി വിദ്യയാണെന്നും അദ്ദേഹം പറഞ്ഞു. മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല മുസ്ലിങ്ങള്‍ക്ക് നൊമ്പരപ്പെടുത്തുന്ന യൂദ്ധ ദുരന്തങ്ങളുടെ സ്മരണയാണ്. മുഹറം മുസ്ലിം സമുദായത്തിന് ആഘോഷമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട ന്യായമായ അനുകൂല്യമങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഒരു ലജ്ജയുമില്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതികരിച്ചു.