സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു. കന്നഡ സിനിമയുടെ ഷൂട്ടിന് ഇടയിലാണ് അത്യാഹിതം ഉണ്ടായത്. ഷൂട്ടിങ്ങിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയോടെ ജോഗനപാളയ ഗ്രാമത്തില്‍ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

വൈദ്യുതാഘാതമേറ്റ് താഴെ വീണ വിവേകിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ട് സഹതാരങ്ങള്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ സംവിധായകന്‍ ശങ്കര്‍, സംഘട്ടന സംവിധായകന്‍ വിനോദ്, നിര്‍മാതാവ് ദേശ്പാണ്ഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കന്നഡ താരങ്ങളായ അജയ് റാവുവും രചിത റാമും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന സിനിമയാണ് ‘ലവ് യു രച്ചു’.